മൂടല്‍മഞ്ഞ് രൂക്ഷം; ഡല്‍ഹിയില്‍ റോഡ്, വ്യോമ, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു
|60 വിമാനങ്ങള്‍ വൈകി. 6 സര്‍വ്വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. 21 ഓളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 24 സര്‍വീസുകള്‍ പുനക്രമീകരിച്ചു. 64 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.
ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായി തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റോഡ്, വ്യോമ, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. അന്തരീക്ഷ മലിനീകരണത്തിന്റെ തോതും വര്‍ധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്. പ്രധാന നഗരങ്ങളിലും റോഡുകളിലും ഗതാഗത കുരുക്ക് രൂക്ഷമായിട്ടുണ്ട്. കാഴ്ച പരിധി താഴ്ന്നതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ സര്‍വീസുകള്‍ താറുമാറായി. 60 വിമാനങ്ങള്‍ വൈകി. 6 സര്‍വ്വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. നിരവധി യാത്രക്കാരാണ് ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഡല്‍ഹിയില്‍ 21 ഓളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 24 സര്‍വീസുകള്‍ പുനക്രമീകരിച്ചു. 64 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.
ജമ്മു കശ്മീരിലെ പഹല്‍ഗാം, പഞ്ചാബിലെ ലുധിയാന, ഉത്തര്‍ പ്രദേശിലെ അലഹബാദ് എന്നിവിടങ്ങളില്‍ ശീതക്കാറ്റ് തുടരുന്നുണ്ട്. രാജസ്ഥാനില്‍ കാഴ്ചപരിധി കുറഞ്ഞതിനെ തുടന്നുണ്ടായ വാഹനാപകടത്തില്‍ 4 പേര് മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്രെ കണക്ക് അനുസരിച്ച് കഴിഞ്ഞ രാത്രികളില്‍ 5.6 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയിലാണ് ഉത്തരേന്ത്യയില്‍ അന്തരീക്ഷ താപനില.