ജമ്മു കശ്‍മീര്‍ പ്രശ്നം: ജനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് കേന്ദ്രത്തോട് മെഹ്ബൂബ
|ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജനങ്ങളുമായി ചര്‍ച്ച നടത്തിയാല്‍ മാത്രമേ കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് മെഹ്ബൂബ പറഞ്ഞു. പ്രധാനമന്ത്രി ഇതിന് മുന്‍കൈ എടുക്കണമെന്ന് പ്രതീക്ഷിക്കുന്നതായും മെഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീരിലെ സൈനികനടപടി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.
ജമ്മുകശ്മീരിലെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് മെഹ്ബൂബ മുഫ്തി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ജമ്മുകശ്മീരിലെ ജനങ്ങളുടെ വിശ്വാസം നേടാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് മെഹ്ബൂബ യോഗത്തില്‍ ആവശ്യപ്പെട്ടു. വാജ്പേയിയുടെ കാലത്ത് ഉണ്ടായത് പോലുള്ള പ്രശ്നപരിഹാരശ്രമങ്ങളാണ് കശ്മീരിന്റെ കാര്യത്തില്‍ ഉണ്ടാവേണ്ടത്. ശരിയായ ചര്‍ച്ചകള്‍ നടന്നാല്‍ ജമ്മുകശ്മീര്‍ ഇന്ത്യക്കും പാക്കിസ്താനും ഇടയിലെ പാലമായി മാറുമെന്നും മെഹ്ബൂബ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായും രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രാലയത്തിലെയും പ്രതിരോധമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഫലസ്തീന്‍ ജനതയ്ക്കെതിരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാന്‍ ഇസ്രയേല്‍ പോലും തയ്യാറാവാത്തപ്പോഴാണ് കശ്മീര്‍ ജനതയ്ക്കുമേല്‍ ഇന്ത്യന്‍ സേന പെല്ലറ്റാക്രമണം നടത്തുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു. കശ്മീര്‍ വിഷയം വെറും ക്രമസമാധാന പ്രശ്നമായി കാണരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.