പശ്ചിമബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു
|തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നയിച്ച റാലിക്ക് നേരെയും ആക്രമണം ഉണ്ടായി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നയിച്ച റാലിക്ക് നേരെയും ആക്രമണം ഉണ്ടായി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആരംഭിച്ചത് മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മുര്‍ഷിദാബാദിലെ കാന്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ ചൗധരി നയിച്ച റാലിക്ക് നേരെയും ബങ്കൂരയില്‍ സിപിഎം എംല്‍എ സുജന്‍ ചക്രബര്‍ത്തി നയിച്ച റാലിക്ക് നേരെയും ആക്രമണം ഉണ്ടായി.
നേരത്തെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേബ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. മുന്‍ എംപി രാമചന്ദ്രഡോമിന് നേരെ ബോംബെറിയുകയും ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.
അതിനിടെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പാര്‍ട്ടി താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് സംസ്ഥാന അധ്യക്ഷന്‍ ആദിര്‍ ചൗധരി രാഹുല്‍ ഗാന്ധിക്ക് കത്തെഴുത്തി. തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ബിജെപി നല്കിയ ഹരജിയില്‍ മമതാ സര്‍ക്കാരിനായി സിങ്വി ഹാജരാകുന്നു എന്നാണ് ആരോപണം. വിഷയത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ കോണ്‍ഗ്രസിനായി ഹാജരാകുന്നത് ആദിര്‍ ചൗധരിയാണ്.