ബീഫിനെക്കുറിച്ച് വാട്ട്സ്ആപ്പ് കമന്‍റ് ഷെയര്‍ ചെയ്തതിന് അറസ്റ്റിലായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
|പൊലീസിന്‍റെ ക്രൂര മര്‍ദനമാണ് മരണത്തിന് കാരണമെന്ന് അന്‍സാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മസ്തിഷ്ക വീക്കമാണ് മരണ കാരണമെന്ന് പൊലീസ് അവകാശപ്പെട്ടു.
ബീഫിനെക്കുറിച്ച് വാട്ട്സ്ആപ്പ് കമന്‍റ് ഷെയര്‍ ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഝാര്‍ഖണ്ഡിലെ ജമാത്ര ജില്ലയിലെ മിന്‍ഹാജ് അന്‍സാരി എന്ന 22 കാരനാണ് മരിച്ചത്. പൊലീസിന്‍റെ ക്രൂര മര്‍ദനമാണ് മരണത്തിന് കാരണമെന്ന് അന്‍സാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മസ്തിഷ്ക വീക്കമാണ് മരണ കാരണമെന്ന് പൊലീസ് അവകാശപ്പെട്ടു. എന്നാല്‍ അന്‍സാരിയെ അറസ്റ്റ് ചെയ്ത നാരായണപുര പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജിന്‍റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊലീസ് ഓഫീസര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസുമെടുത്തിട്ടുണ്ട്.
നാരായണപുരിയിലെ ദിക്ഹരി ഗ്രാമത്തില്‍ ഒക്ടോബര്‍ രണ്ടു മുതലാണ് ബിഫിനെകുറിച്ചുള്ള ഒരു വാട്ട്സ്ആപ് കമന്‍റ് പ്രചരിച്ചു തുടങ്ങിയത്. ഇതേതുടര്‍ന്ന് ചിലരെ സംശയത്തിന്‍ഫെ പേരില്‍ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെയെല്ലാം വിട്ടയച്ചെങ്കിലും ഒക്ടോബര്‍ മൂന്നിന് അന്‍സാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസത്തിനു ശേഷം അന്‍സാരിയെ ധന്‍ബാദിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയതായി അറിഞ്ഞതിനെ തുടര്‍ന്ന് പിതാവ് ഉമര്‍ ഷെയിഖും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തി. ഇതേതുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ അന്‍സാരിയുടെ പിതാവ് സ്റ്റേഷന്‍ ഓഫീസര്‍ പഥക്കിനെതിരെ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ഇടയാക്കുന്ന തരത്തിലുള്ള കമന്‍റാണ് വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടതെന്നും ദസറയും മുഹറവും അടുത്ത സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് തങ്ങള്‍ നടപടി സ്വീകരിച്ചതെന്നും ഇതില്‍ അസ്വഭാവികതയൊന്നുമില്ലെന്നുമാണ് പൊലീസിന്‍റെ നിലപാട്.