ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്; സ്കൂളുകള്‍ക്ക് മൂന്നു ദിവസം അവധി
|രൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്. മൂന്ന് ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി നല്‍കും
അടുത്ത അഞ്ച് ദിവസത്തേക്ക് ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും, കെട്ടിടങ്ങള്‍ പൊളിക്കുന്ന ജോലികള്‍ക്കും വിലക്ക്. രൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്. മൂന്ന് ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി നല്‍കും. ഓഡ് ഈവന്‍ പദ്ധതി പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കെജ്രിവാള് അറിയിച്ചു.
അന്തരീക്ഷ മലിനീകരണം നാള്‍ക്കുനാള്‍ രൂക്ഷമാവുകയും അടിയന്തര നടപടികള്‍ക്കായി മുറവിളി ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് താല്‍ക്കാലിക നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും, കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്ന ജോലികളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. ആശുപത്രികളിലും, അടിയന്തര ആവശ്യമുള്ള പ്രദേശങ്ങളിലും ഒഴികെ മറ്റൊരിടത്തും ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും, ബദര്‍പൂര്‍ ഊര്‍ജ്ജ നിര്‍മ്മാണ കേന്ദ്രം പത്ത് ദിവസത്തേക്ക് അടച്ചിടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
തുറന്ന സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കത്തിക്കരുത്. റോഡുകളുടെ വശങ്ങളും, ഫുട്പാത്തുകളും വാക്ക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകള്‍ക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. വാഹനങ്ങള്‍ പുറന്തള്ളുന്ന മലിന പുക നിയന്ത്രിക്കാന്‍ ഓഡ് ഈവന്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.