പിഎന്‍ബി വായ്പാ തട്ടിപ്പ്: അന്വേഷണത്തെ ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത
|ജെ.പി.സി വേണമെന്ന് ഇടത്പക്ഷം, വേണ്ടെന്ന് ടിഎംസി, വ്യക്തായ നിലപാടില്ലാതെ കോണ്‍ഗ്രസ്
പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത. ഇടത് പാര്‍ട്ടികള്‍ സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്നാവശ്യപ്പെടുമ്പോള്‍ തൃണമൂലടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടുമില്ല.
വായ്പാതട്ടിപ്പ് കേസിലെ അന്വേഷണം കാര്യക്ഷമമാണെന്ന് കേന്ദ്രം അവകാശപ്പെടുമ്പോളും വിദേശത്തേക്ക് കടന്ന പ്രതികള്‍ എവിടെയാണെന്ന് പോലും കണ്ടെത്താന്‍ ഇതുവരേയും അന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല. മാര്‍ച്ച് 5 ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാഘട്ടം ആരംഭിക്കുമ്പോള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷനീക്കം. സര്‍ക്കാരിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് ആരോപിക്കുമ്പോളും അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷത്തിനിടയില്‍ ഐക്യമില്ല.
തട്ടിപ്പ് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്നാണ് സിപിഎമ്മും സിപിഐയും ആവശ്യപ്പെടുന്നത്. എന്നാല്‍ ജെപിസി അന്വേഷണം കൊണ്ട് ഗുണമൊന്നുമില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വാദിക്കുന്നത്. ബൊഫോഴ്സ് അടക്കമുള്ളവയിലെ ജെപിസി അന്വേഷണങ്ങളുടെ ഗതി ചൂണ്ടിക്കാട്ടിയാണ് ഇത്. അതേസമയം കോണ്‍ഗ്രസാകട്ടെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. തട്ടിപ്പ് തുടങ്ങിയത് യുപിഎയുടെ കാലത്താണെന്നതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വിയുടെ കുടുംബത്തിന് നീരവ് മോദിയുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതും കോണ്‍ഗ്രസിന് ക്ഷീണമായി. എസ് പി, എഐഎഡിഎംകെ തുടങ്ങിയ മറ്റ് പാര്‍ട്ടികളാരും തന്നെ ഇക്കാര്യത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം പ്രത്യേക അന്വഷണസംഘം കേസ് അന്വേഷിക്കേണ്ടതില്ലെന്നും നിലവിലെ അന്വേഷണം തൃപ്തികരമാണെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.