ഇന്ത്യന്‍ വനിതാ ഫുട്‌ബോളര്‍മാര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് മുന്‍ ക്യാപ്റ്റന്‍
|വനിതാ താരങ്ങളെ പരിശീലകനും ടീം മാനേജ്‌മെന്റിലെ അംഗങ്ങളും സെക്രട്ടറിയും ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് സോന ചൗധരി
ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നുവെന്ന് മുന്‍ ക്യാപ്റ്റന്‍ സോനാ ചൗധരി. ‘ഗെയിം ഇന്‍ ഗെയിം’ എന്ന പുസ്തകത്തിലാണ് സോനയുടെ വെളിപ്പെടുത്തല്‍.
വനിതാ താരങ്ങളെ പരിശീലകനും ടീം മാനേജ്‌മെന്റിലെ അംഗങ്ങളും സെക്രട്ടറിയും ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് സോന പറയുന്നു. ടീമില്‍ താന്‍ അംഗമായിരുന്ന കാലത്തെല്ലാം ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടീമില്‍ സ്ഥാനം നേടാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ പരിശീലകരും ടീം മാനേജ്‌മെന്റും താരങ്ങളെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. മാനസിക പീഡനവും പതിവായിരുന്നുവെന്ന് സോന പറയുന്നു.
ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കളിക്കാര്‍ സ്വവര്‍ഗാനുരാഗികളായി അഭിനയിക്കുക പോലും ചെയ്തിട്ടുണ്ടെന്ന് സോന വെളിപ്പെടുത്തി.
ദേശീയ ടീമില്‍ മാത്രമല്ല, സംസ്ഥാന തലത്തിലും ടീമിലെത്തിയാല്‍ ഇതുതന്നെയായിരുന്നു അവസ്ഥ. വിദേശ പര്യടനങ്ങള്‍ക്കിടെ പരിശീലകരും ടീം മാനേജ്‌മെന്റിലുള്ളവരും കളിക്കാരും ഒരേ മുറികളിലാണ് താമസിച്ചിരുന്നത്. ഒരുപാടുതവണ പരാതി നല്‍കിയിട്ടും ഈ സാഹചര്യത്തിന് മാറ്റം വന്നില്ലെന്നും സോന പറയുന്നു.
1998ലെ ഏഷ്യാകപ്പിനിടെ പരിക്കേറ്റാണ് സോന ടീമില്‍ നിന്ന് പിന്‍വാങ്ങിയത്. ആരോപണം സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അറിയിച്ചു.