India
ദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചുദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു
India

ദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു

Sithara
|
3 May 2018 10:05 PM GMT

ദാദ്രിയില്‍ പശുമാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മരിച്ചു.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മരിച്ചു. 20 വയസ്സുകാരനായ റോബിനെന്ന രവിയാണ് മരിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ഇയാള്‍. വൃക്ക സംബന്ധമായ അസുഖമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

രണ്ട് ദിവസം മുന്‍പാണ് റോബിന്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖവും ശ്വാസതടസ്സവും കാരണമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. എന്നാല്‍ ഇയാളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.

ഒരു വര്‍ഷത്തോളമായി നോയിഡയിലെ ജയിലിലായിരുന്നു റോബിന്‍. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും.

ദാദ്രിയില്‍ മുഹമ്മദ് അഖ്‍ലഖിനെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ്. അഖ്‍ലഖിന്റെ മകന്‍ ഡാനിഷിനെയും സംഘം മര്‍ദ്ദിച്ചു. ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇവരില്‍ മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു.

Related Tags :
Similar Posts