എനിക്ക് 16 വയസ്, ദലിതനാണ്, എനിക്കാണ് സഹപാഠികളുടെ ക്രൂരമര്‍ദനമേറ്റത്...
|ക്ലാസ് മുറിയില്‍ ഒരു സംഘം സഹപാഠികളുടെ മധ്യത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാകുന്ന വിദ്യാര്‍ഥിയുടെ വീഡിയോ കഴിഞ്ഞദിവസം മുതലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ക്ലാസ് മുറിയില്‍ ഒരു സംഘം സഹപാഠികളുടെ മധ്യത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാകുന്ന വിദ്യാര്‍ഥിയുടെ വീഡിയോ കഴിഞ്ഞദിവസം മുതലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ആദ്യമൊന്നും ഈ വീഡിയോയുടെ ഉറവിടം ഏതെന്നോ ആരാണ് ഇവരെന്നോ വെളിപ്പെട്ടില്ല. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ ബിഹാറിലെ മുസഫര്‍പൂരിലെ ഒരു സര്‍ക്കാര്‍ സ്‍കൂളില്‍ നടന്ന സംഭവമാണിതെന്ന് വ്യക്തമായി. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഗുണ്ടകളെ പോലെയായിരുന്നു ആ 16 കാരനെ മര്‍ദിച്ചത്. തലയിലും മുഖത്തും പുറത്തുമെല്ലാം മര്‍ദനമേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. മര്‍ദിച്ചത് നഗരത്തിലെ കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ മക്കളാണ്.
മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥി സംഭവം വിവരിക്കുന്നു
എന്റെ അച്ഛന്‍ ഒരു അധ്യാപകനാണ്. അദ്ദേഹമാണ് എനിക്ക് മികച്ചത് എന്ന് അര്‍ഥം വരുന്ന പേരിട്ടത്. എല്ലാവരേക്കാളും മികവുള്ളവനാക്കി വളര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്റെ രണ്ടു ഇളയ സഹോദരിമാര്‍ക്കൊപ്പം ഞങ്ങളുടെ ഗ്രാമത്തില്‍ താമസിച്ച് അദ്ദേഹം ജോലി ചെയ്തു. എന്നെ മികച്ച പഠിപ്പിനായി മുസഫര്‍നഗറിലെ ബന്ധുവിന്റെ വീട്ടിലാക്കി. മികച്ച വിദ്യാഭ്യാസം നേടിത്തരുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അത്യധ്വാനം ചെയ്താണ് അദ്ദേഹം ഞങ്ങളെ വളര്‍ത്തിയത്. എന്റെ അച്ഛന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി ഞാനും കഠിനമായി പരിശ്രമിക്കുകയായിരുന്നു.
എന്റെയും അച്ഛന്റെയും സ്വപ്നങ്ങള്‍ പോലെ പഠനത്തില്‍ മികവു പുലര്‍ത്താന്‍ എനിക്കായി. ഉയര്‍ന്ന മാര്‍ക്കുകള്‍ സ്വന്തമാക്കി. മറ്റൊരു കാര്യം, ഞാനൊരു ദലിതനാണ്. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങിയത് എന്റെ കുടുംബത്തിന് സന്തോഷമാണ് നല്‍കിയതെങ്കില്‍ ക്ലാസ് മുറിയില്‍ എന്നെ കാത്തിരുന്നത് വ്യക്തിഹത്യയും മര്‍ദനങ്ങളുമായിരുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും, കഴിഞ്ഞ രണ്ടു വര്‍ഷമായി ദിവസവും ഞാന്‍ മര്‍ദനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. സഹോദരങ്ങളായ രണ്ടു വിദ്യാര്‍ഥികളാണ് എന്നെ സ്ഥിരം മര്‍ദിക്കുക. ഇതില്‍ ഒരാള്‍ എന്റെ സഹപാഠിയും മറ്റൊരാള്‍ എന്റെ ജൂനിയര്‍ വിദ്യാര്‍ഥിയുമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും അവര്‍ എന്റെ മുഖത്ത് തുപ്പും. സഹായത്തിനായി പലതവണ അധ്യാപകരെ സമീപിച്ചു. എല്ലാവര്‍ക്കും എന്നോട് സഹതാപം മാത്രമായിരുന്നു. പക്ഷേ ഒരാളും എന്നെ സഹായിക്കാനുണ്ടായില്ല. എന്നെ മര്‍ദിക്കുന്ന വിദ്യാര്‍ഥികളുടെ പിതാവ് കുപ്രസിദ്ധനായ ഒരു ക്രിമിനല്‍ ആയതുകൊണ്ട് തന്നെ സഹായിക്കാന്‍ ഏവരും ഭയപ്പെട്ടു. ഔദ്യോഗികമായി പരാതി നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ എന്ന സ്‍കൂളില്‍ നിന്നു പുറത്താക്കിയേനെ.
അതുപോലെ തന്നെ എന്നെ ആക്രമിക്കാറുള്ള സഹോദരങ്ങളുടെ ക്രിമിനലായ പിതാവ് എന്നെയും എന്റെ കുടുംബത്തേയും വേട്ടയാടുമെന്ന ഭീതി എല്ലാം സഹിച്ച് നിശബ്ദനായിരിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി. എന്നെ മര്‍ദിക്കുന്ന വീഡിയോ ആരോ സോഷ്യല്‍മീഡിയയില്‍ അപ്‍ലോഡ് ചെയ്തതോടെ അവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായി. അവന്‍ സ്ഥിലം പുറകിലെ സീറ്റിലാണ് ഇരിക്കാറുള്ളത്. കോപ്പിയടിക്കാന്‍ എളുപ്പം. മുന്‍ബെഞ്ചിലാണ് എന്റെ സ്ഥാനം. എന്നിട്ടും അവനേക്കാള്‍ വളരെ കൂടുതല്‍ മാര്‍ക്ക് നേടാന്‍ എനിക്കായി. പഠിച്ച് കൂടുതല്‍ മാര്‍ക്ക് വാങ്ങിയതില്‍ എന്നോട് അവന് ദേഷ്യമായിരുന്നു. ഇതിനു ശേഷം ഞാന്‍ ദലിതനാണെന്ന് കൂടി അവര്‍ അറിഞ്ഞതോടെ പീഡനങ്ങളുടെ കാലമായിരുന്നു എനിക്ക്. നിങ്ങള്‍ക്ക് ആ വീഡിയോയില്‍ കാണാന്‍ കഴിയും, ഞാന്‍ എന്റെ സീറ്റില്‍ ഇരിക്കുമ്പോഴാണ് അവര്‍ എന്നെ അടിക്കുന്നത്. എന്റെ തലയിലാണ് ആദ്യം അടിച്ചത്. പിന്നീട് എന്നെ കസേരയില്‍ നിന്നു വലിച്ചിറക്കി വയറിലും മുഖത്തുമൊക്കെ കാല്‍മുട്ടുകൊണ്ട് പ്രഹരിച്ചു. കണ്ടുനിന്നവരില്‍ ആരും അവരെ തടഞ്ഞില്ല. അവര്‍ക്ക് മതിയാകുന്നതുവരെ എന്നെ മര്‍ദിച്ചു. ഇപ്പോള്‍ പരാതി പിന്‍വലിപ്പിക്കാനുള്ള ഭീഷണികള്‍ എനിക്ക് മേലുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ സ്‍കൂളില്‍ പോക്ക് നിര്‍ത്തി. മാര്‍ച്ചിലാണ് എന്റെ പരീക്ഷ. നിങ്ങള്‍ പറയൂ, ഞാനെങ്ങനെ പരീക്ഷക്ക് തയാറെടുക്കും ? എങ്ങനെ പരീക്ഷ എഴുതും ?