കള്ളപ്പണം ഇല്ലാതായാല്‍ 'മോദി മോദി' എന്ന് ജപിക്കാം: കെജ്രിവാള്
|ദിവസവും പല തവണ വസ്ത്രം മാറുന്ന പ്രധാനമന്ത്രി ജനങ്ങളോട് ത്യാഗം ചെയ്യാനാണ് പറയുന്നത്. ആദ്യം ഇത് സ്വയം പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്ന് കെജ്രിവാള്
നോട്ട് നിരോധത്തിലൂടെ കള്ളപ്പണവും അഴിമതിയും ഇല്ലാതായാല്‍ താന്‍ മോദി മോദി എന്ന് മന്ത്രം ജപിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസവും പല തവണ വസ്ത്രം മാറുന്ന പ്രധാനമന്ത്രി ജനങ്ങളോട് ത്യാഗം ചെയ്യാനാണ് പറയുന്നത്. ആദ്യം ഇത് സ്വയം പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്ന് ഒരു പൊതുയോഗത്തില്‍ കെജ്രിവാള് പറഞ്ഞു.
നോട്ട് നിരോധം മൂലം തൊഴിലാളികള്‍, കര്‍ഷകര്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതമാണ് ദുരിതത്തിലായത്. മോദിയുടെ പല നിലപാടുകളോടും യോജിപ്പില്ലെങ്കിലും സ്വച്ഛ് ഭാരത്, യോഗ ദിനാചരണം, സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങിയ സോദ്ദേശ പദ്ധതികളെ അനുകൂലിക്കുന്നു. നല്ല കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ പിന്തുണ നല്‍കും. എന്നാല്‍ നോട്ട് നിരോധം തെറ്റായ തീരുമാനമായിരുന്നു. ആ തീരുമാനം പിന്‍വലിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത തന്റെ വന്‍കിടക്കാരായ സുഹൃത്തുക്കളെ സഹായിക്കുന്നതിനാണ് മോദി നോട്ട് നിരോധം നടപ്പിലാക്കിയതെന്നും കെജ്രിവാള് ആരോപിച്ചു. 50 ദിവസം കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ആറ് മാസമെടുക്കും പ്രതിസന്ധി തീരാനെന്നാണ് ധനകാര്യമന്ത്രി വ്യക്തമാക്കിയത്. രണ്ട് പേര്‍ക്കും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമെന്തെന്ന് അറിയില്ലെന്നും കെജ്രിവാള് കുറ്റപ്പെടുത്തി.