14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണയോടെ ജെഡിയു പിടിച്ചെടുക്കാന്‍ ശരദ് യാദവ്
|യഥാര്‍ത്ഥ ജെഡിയു തന്‍റെ നേതൃത്വത്തിലുള്ളതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ശരദ് യാദവ് അവകാശപ്പെടും
രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ ജെഡിയുവിനെ നെടുകെ പിളര്‍ത്താനൊരുങ്ങി ശരദ് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെയും രണ്ട് രാജ്യസഭ എംപിമാരുടെയും പിന്തുണയോടെയാണ് ശരദ് യാദവ് നീക്കം നടത്തുന്നത്. ഇവരുടെ പിന്തുണയുടെ ബലത്തില്‍ യഥാര്‍ത്ഥ ജെഡിയു തന്‍റെ നേതൃത്വത്തിലുള്ളതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ശരദ് യാദവ് അവകാശപ്പെടും. അതേസമയം ഓഗസ്ത് അവസാനത്തോടെ നിതീഷ് കുമാര്‍ പക്ഷം എന്‍ഡിഎയിലെ ഔദ്യോഗികമായി ഘടക കക്ഷിയാകും.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമത നീക്കം പരസ്യമായി ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ശരദ് യാദവിനെ പാര്‍ട്ടിയുടെ രാജ്യസഭ നേതൃസ്ഥാനത്ത് നിന്ന് നീക്കിയത്. ഇതോടൊപ്പം ശരദ് യാദവിനൊപ്പം നില്‍ക്കുന്ന മറ്റൊരു രാജ്യസഭാംഗം അന്‍വര്‍ അലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കം യാദവ് പക്ഷം ആരംഭിച്ചത്. ജെഡിയു ഗുജറാത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന അരുണ്‍ ശ്രീവാസ്തവയാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇക്കാര്യം ഇദ്ദേഹം ദേശീയ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചു. കേരളവും ഗുജറാത്തുമുള്‍പ്പെടെ 14 സംസ്ഥാന ഘടകങ്ങള്‍ ശരദ് യാദവിനെ പിന്തുണക്കുന്നതായുള്ള കത്ത് നല്‍കിയതായാണ് വിവരം.
അന്‍വര്‍ അലിക്കൊപ്പം കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപി വീരേന്ദ്ര കുമാറും പിന്തുണക്കും. ജനതാദള്‍ യുണൈറ്റഡ് ദേശീയതലത്തില്‍ സാന്നിധ്യമുള്ള പാര്‍ട്ടിയാണെന്നും നിതീഷ് കുമാറിനുള്ള സ്വീകാര്യത ബീഹാറില്‍ മാത്രമാണെന്നും ഈ പിന്തുണകള്‍ ഉയര്‍ത്തിക്കാട്ടി ശരദ് യാദവ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അവകാശപ്പെടും. നിതീഷ് കുമാറിന്റെ ബീഹാറില്‍ മാത്രമുണ്ടായിരുന്ന സാംതാ പാര്‍ട്ടി ശരദ് യാദവ് നയിച്ചിരുന്ന ജനതാദളില്‍ ലയിക്കുകയായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടുമെന്നും അരുണ്‍ ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു.
എന്നാല്‍ ഈ നീക്കങ്ങളെ ഗൌനിക്കാതെ എന്‍ഡിഎയുമായുള്ള ബന്ധം ദൃഢമാക്കാനൊരുങ്ങുകയാണ് നിതീഷ് പക്ഷം. 19ന് ചേരുന്ന ദേശീയ കണ്‍വെന്‍ഷനില്‍ എന്‍ഡിഎയില്‍ ഔദ്യോഗിക ഘടകക്ഷിയാകാനുള്ള തീരുമാനം നിതീഷ് പക്ഷമെടുക്കും. നിതീഷ് എന്‍ഡിഎയുടെ കണ്‍വീനറോ, ഉപകണ്‍വീനറോ ആയേക്കുമെന്നും ആഗസ്ത് അവസാനത്തോടെ നിതീഷ് പക്ഷം കേന്ദ്ര മന്ത്രിസഭയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.