India
സംഘപരിവാറിന് ഗൌരി ലങ്കേഷിനെ ഭയമായിരുന്നു; കാരണം..സംഘപരിവാറിന് ഗൌരി ലങ്കേഷിനെ ഭയമായിരുന്നു; കാരണം..
India

സംഘപരിവാറിന് ഗൌരി ലങ്കേഷിനെ ഭയമായിരുന്നു; കാരണം..

Sithara
|
3 May 2018 5:01 PM GMT

തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ അവസാനശ്വാസം വരെ പോരടിച്ച മാധ്യമ പ്രവര്‍ത്തകയാണ് കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്.

തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ അവസാനശ്വാസം വരെ പോരടിച്ച മാധ്യമ പ്രവര്‍ത്തകയാണ് കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്. ലങ്കേഷ് പത്രിക എന്ന കന്നഡ ടാബ്ലോയ്ഡിന്‍റെ എഡിറ്ററായിരുന്നു അവര്‍. ആഴ്ച്ചയിലൊരിക്കലാണ് ലങ്കേഷ് പത്രിക പ്രസിദ്ധീകരിച്ചിരുന്നത്. 50 പേര്‍ ചേര്‍ന്നാണ് ടാബ്ലോയിഡ് നടത്തിയത്. കുത്തക കമ്പനികളുടെയൊന്നും പരസ്യം ടാബ്ലോയിഡ് സ്വീകരിച്ചിരുന്നില്ല. വര്‍ഗീയതയ്ക്കും ജാതീയതയ്ക്കുമെതിരെ അവര്‍ തന്‍റെ പത്രത്തിലൂടെ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.

ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തികേസില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് കോടതി ഗൌരിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. ബിജെപി എംപി പ്രഹ്ലാദ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്ന് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയാണ് കേസിന് അടിസ്ഥാനം. എന്നാല്‍ മറ്റ് പത്രങ്ങളും ഇതേ വാര്‍ത്ത നല്‍കിയിട്ടും ലങ്കേഷ് പത്രികയ്ക്കെതിരെ മാത്രമാണ് ബിജെപി നേതാക്കള്‍ പരാതി നല്‍കിയത്.

കേസിനെ കുറിച്ച് ഗൌരി ലങ്കേഷ് അന്ന് പ്രതികരിച്ചതിങ്ങനെയാണ്: "ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ജാതീയതയ്‌ക്കെതിരെയുമുള്ള എന്‍റെ പ്രതികരണങ്ങള്‍ എനിക്ക് ‘ഹിന്ദു വിരോധി’ എന്ന പേര് നല്‍കിയിട്ടുണ്ട്. പക്ഷെ ഭരണാഘടനാപരമായ കടമയാണ് ഞാന്‍ നിര്‍വഹിക്കുന്നത്. ബസവണ്ണയെയും അംബേദ്കറെയും പോലെ എനിക്ക് സാധിക്കുംവിധത്തില്‍ സമത്വപൂര്‍ണമായ ഒരു സമൂഹത്തിന് വേണ്ടിയാണ് ശ്രമം. ഹിന്ദുത്വരാഷ്ട്രീയത്തെയും അവരുടെ പരമോന്നത നേതാവായ നരേന്ദ്ര മോദിയെയും എതിര്‍ക്കുന്നവരെ കൊല്ലുന്നത് അവര്‍ സ്വാഗതം ചെയ്യുകയാണ്. ഇവര്‍ തന്നെയാണ് എനിക്കെതിരെ നീങ്ങുന്നത്".

കൊല്ലപ്പെട്ട കല്‍ബുര്‍ഗിക്ക് നീതി തേടി രംഗത്തുവന്നവരില്‍ മുന്നണിപ്പോരാളിയായി ഗൌരി ലങ്കേഷുണ്ടായിരുന്നു. 2015 ഓഗസ്റ്റ് 30നായിരുന്നു കല്‍ബുര്‍ഗിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അജ്ഞാത സംഘം വെടിവെച്ച് കൊന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഗൗരി ലങ്കേഷടക്കമുള്ളവര്‍ കഴിഞ്ഞ ദിവസവും കര്‍ണാടകയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇന്നലെ രാത്രി ഗൌരി ലങ്കേഷിനെ ബംഗലൂരുവിലെ വസതിക്ക് മുന്നില്‍ വെച്ച് അജ്ഞാതരായ മൂന്ന് പേര്‍ ചേര്‍ന്നാണ് വെടിവെച്ച് കൊന്നത്. ഒടുവില്‍ കല്‍ബുര്‍ഗിയുടേതിന് സമാനമായ അന്ത്യമാണ് അവര്‍ക്കുണ്ടായത്.

Related Tags :
Similar Posts