India
ഗൌരിയുടെ ജീവനെടുത്ത അസഹിഷ്ണുതക്ക് സംരക്ഷണം നല്‍കുന്നതാര്? രാജ്യവ്യാപക പ്രതിഷേധംഗൌരിയുടെ ജീവനെടുത്ത അസഹിഷ്ണുതക്ക് സംരക്ഷണം നല്‍കുന്നതാര്? രാജ്യവ്യാപക പ്രതിഷേധം
India

ഗൌരിയുടെ ജീവനെടുത്ത അസഹിഷ്ണുതക്ക് സംരക്ഷണം നല്‍കുന്നതാര്? രാജ്യവ്യാപക പ്രതിഷേധം

Sithara
|
3 May 2018 9:47 PM GMT

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമെമ്പാടും വ്യാപക പ്രതിഷേധം. കൊലപാതകികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലും ഡല്‍ഹി പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്തും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചത്. അതേ സമയം കൊലപാതകത്തില്‍ ബിജെപിക്കോ പോഷക സംഘടനകള്‍ക്കോ പങ്കില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി പ്രതികരിച്ചു.

രാജ്യ തലസ്ഥാനത്തും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തി. കൊച്ചി ദര്‍ബാര്‍ ഹാളില്‍ കലാകാരന്മാര്‍ ചിത്ര രചനയിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. കൊലപാതകികളെ ഉടന്‍ പിടികൂടണമെന്ന് വിവിധ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തിലൂടെ സത്യത്തെ നിശബ്ദമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഗൌരിയുടെ ജീവനെടുത്ത അസഹിഷ്ണുതക്കും ആശയഭ്രാന്തിനും സംരക്ഷണം നല്‍കുന്നതാരാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.

ബിജെപി അധികാരത്തിലെത്തിയ ശേഷവും വര്‍ഗീയ ഭീകരതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഗൌരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മതേതര ജനാധിപത്യ ശക്തികള്‍ രംഗത്തുവരണമെന്ന് സിപിഐ എംപി ഡി രാജ ആവശ്യപ്പെട്ടു. ഗൌരിയുടെ കാഴ്ചപ്പാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

Related Tags :
Similar Posts