ജീവനെടുത്ത് പത്മാവതി വിവാദം; രാജസ്ഥാനിലെ കോട്ടയില്‍ മൃതദേഹം കണ്ടെത്തി
|ഞങ്ങള്‍ തൂക്കിലേറ്റുക കോലങ്ങളെയല്ല എന്ന് മൃതദേഹത്തിനരികെ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഭവം കൊലപാകമാണോ ആത്മഹത്യയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പത്മാവതി സിനിമക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ രാജസ്ഥാനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിനടുത്ത് കല്ലില്‍ പത്മാവതിക്കെതിരെയുള്ള പ്രതിഷേധം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ തൂക്കിലേറ്റുക കോലങ്ങളെയല്ല എന്നും മൃതദേഹത്തിനരികെ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഭവം കൊലപാകമാണോ ആത്മഹത്യയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ണിസേന വ്യക്തമാക്കി.
ജയ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ നഹര്‍ഗഡ് കോട്ടയിലാണ് മൃതദേഹം കണ്ടത്. ചേതന്‍ എന്നാണ് മരിച്ചയാളുടെ പേര്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡ് പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. ഇയാളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
സിനിമയില്‍ റാണി പത്മിനിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രജപുത്ര സംഘടനകളും കര്‍ണിസേനയും സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ കൊലവിളി നടത്തിയിരുന്നു. പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്റെയും സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നതു വരെയെത്തി കൊലവിളി. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഗുജറാത്ത്, യുപി, രാജസ്ഥാന് സര്‍ക്കാരുകളും സിനിമയുടെ റിലീസിനെതിരെ രംഗത്തെത്തി. തുടര്‍ന്ന് ഡിസംബര്‍ 1ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവെച്ചു.
ബ്രിട്ടനില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു. പിന്നാലെ ആഗോളതലത്തില്‍ തന്നെ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കാല്‍വി രംഗത്തെത്തിയിരുന്നു.