പഞ്ചാബില്‍ സീറ്റിനായി ആപ് നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കെജ്‍രിവാളിന് കത്ത്
|മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം.
ലൈംഗികാപവാദത്തെ തുടര്‍ന്ന് ഡല്‍ഹി മന്ത്രിസഭയില്‍ നിന്ന് സന്ദീപ് കുമാറിനെ പുറത്താക്കിയതിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അരവിന്ദ് കെജ്‍രിവാളിന് കത്ത്. ഡല്‍ഹി നിയമസഭാംഗം ദേവിന്ദര്‍ ഷെറാവത്താണ് കെജ്‍രിവാളിന് കത്തയച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം.
പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. ഇത്തരക്കാരെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ഇക്കാര്യത്തില്‍ കെജ്‍രിവാള്‍ നിലപാട് വ്യക്തമാക്കണമെന്നും കെജ്‍രിവാള്‍ ആവശ്യപ്പെട്ടു.
സന്ദീപ് കുമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ തെറ്റില്ലെന്ന് പറഞ്ഞ അശുതോഷിന്റെ നിലപാടിനെയും ഷെറാവത്ത് ചോദ്യംചെയ്യുന്നു. നിലവിലെ മൂല്യബോധത്തിന് എതിരാണ് അശുതോഷിന്റെ നിലപാട്. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന അശുതോഷിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഷെരാവത്ത് കത്തില്‍ ആവശ്യപ്പെട്ടു. ദിലീപ് പാണ്ഡെ, സഞ്ജയ് സിങ് എന്നിവര്‍ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്.