ചത്തപശുക്കളുടെ ഗന്ധം ആസ്വദിക്കാന്‍ മോദിക്കും ബച്ചനും ദലിതരുടെ ക്ഷണം
|ഇരുവരെയും ദുര്‍ഗന്ധം നിറഞ്ഞ ഗുജറാത്ത് കാണാന്‍ ക്ഷണിച്ചുകൊണ്ട് ആയിരക്കണക്കിന് പോസ്റ്റ് കാര്‍ഡുകള്‍ അയയ്ക്കാനാണ് ദലിതരുടെ തീരുമാനം
ഗുജറാത്ത് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ഗുജറാത്തിന്റെ സുഗന്ധം എന്ന ക്യാംപെയിന് പകരമായി ഗുജറാത്തിന്റെ ദുര്‍ഗന്ധം കാമ്പെയ്‌നുമായി ദലിതര്‍. പശുക്കള്‍ ചത്തടിഞ്ഞതിന്റെ ദുര്‍ഗന്ധം അറിയാന്‍ നരേന്ദ്ര മോദിയെയും അമിതാഭ് ബച്ചനെയും ദലിതര്‍ ക്ഷണിച്ചു. ഗുജറാത്തിന്റെ സുഗന്ധമെന്ന പ്രചരണത്തിന് നേതൃത്വം നല്‍കിയത് ബച്ചനാണ്. ഇരുവരെയും ദുര്‍ഗന്ധം നിറഞ്ഞ ഗുജറാത്ത് കാണാന്‍ ക്ഷണിച്ചുകൊണ്ട് ആയിരക്കണക്കിന് പോസ്റ്റ് കാര്‍ഡുകള്‍ അയയ്ക്കാനാണ് ദലിതരുടെ തീരുമാനം.
ഉന ദലിത് അത്യാചാര്‍ ലഡാത് സമിതിയുടെ നേതൃത്വത്തിലാണ് കാമ്പെയിന്‍. ചൊവ്വാഴ്ച അഹമ്മദാബാദില്‍ കാമ്പെയ്ന്‍ തുടങ്ങും. തുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്ന ഗുജറാത്ത് കാണാന്‍ ക്ഷണിച്ചുകൊണ്ട് ബച്ചനും മോദിക്കും പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് സമിതി കണ്‍വീനര്‍ ജിഗ്നേഷ് മെവാനി പറഞ്ഞു. "ഗുജറാത്ത് സന്ദര്‍ശിക്കുക. ഉന അതിക്രമത്തിനു പിന്നാലെ ഇനിയൊരു ദലിതനും പശുവിന്റെ മൃതാവശിഷ്ടങ്ങള്‍ നീക്കം ചെയ്യില്ലെന്നു പ്രഖ്യാപിച്ചതാണ്. അതിനുശേഷം അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ ദുര്‍ഗന്ധം അനുഭവിക്കുക" എന്നാണ് പോസ്റ്റുകാര്‍ഡില്‍ അവരെ ക്ഷണിച്ചുകൊണ്ട് എഴുതുക. മോദിയുടെ അജണ്ട പ്രചരിപ്പിക്കാനായി ബച്ചന്‍ ഗുജറാത്തിന്റെ തെറ്റായ ചിത്രമാണ് പ്രചരിപ്പിക്കുന്നതെന്നും മെവാനി കുറ്റപ്പെടുത്തി.
ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച ജോലികള്‍ ഉപേക്ഷിക്കാനാണ് ദലിതരുടെ തീരുമാനം. അങ്ങനെയാണ് ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ ദലിതര്‍ നീക്കില്ലെന്ന് തീരുമാനിച്ചത്. ഇതിന്റെ പേരില്‍ പല ഗ്രാമങ്ങളിലും ഉയര്‍ന്ന ജാതിക്കാര്‍ ദലിതരെ ആക്രമിക്കുകയാണ്. ദലിതര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും മെവാനി പറഞ്ഞു.