ഡല്‍ഹിയില്‍ വംശീയ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധം
|ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീകളെയാണ് ആള്‍ക്കൂട്ടം അധിക്ഷേപിച്ചത്
രാജ്യതലസ്ഥാനത്ത് വീണ്ടും വംശീയ അധിക്ഷേപം. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് ആഫ്രിക്കന്‍ സ്ത്രീകളെയാണ് ആള്‍ക്കൂട്ടം കളിയാക്കുകയും അപമാനിക്കുകയും ചെയ്തത്. ഇരുവരും ഇറങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട് സംഘം ആക്രോശിക്കുകയായിരുന്നു.
ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് സംഭവം. സീറ്റിനെ ചൊല്ലിയായിരുന്നു തര്‍ക്കം. മുതിര്‍ന്നവര്‍ക്കും അത്യാവശ്യക്കാര്‍ക്കുമായി സംവരണം ചെയ്ത സീറ്റ് നല്‍കണമെന്ന് സ്ത്രീകള്‍ യാത്രക്കാരനോട് ആവശ്യപ്പെട്ടു.എഴുന്നേല്ക്കാന് യാത്രക്കാരന് വിസമ്മതിച്ചു. ആ സീറ്റിലിരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സ്ത്രീകള്‍ പറഞ്ഞതോടെ യാത്രക്കാരന് എഴുന്നേറ്റു. തുടര്‍ന്ന് യാത്രക്കാര്‍ കൂട്ടമായെത്തി സ്ത്രീകള്‍ക്ക് നേരെ ആക്രോശിച്ചു. സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും നടത്തി. സ്ത്രീകള്‍ പ്രതികരിച്ചതോടെ കയ്യേറ്റത്തിനും ശ്രമം നടന്നു. കായികമായി നേരിടാനാണ് ഉദ്ദേശമെങ്കില്‍ ഏറ്റുമുട്ടാമെന്ന് പറഞ്ഞ് സ്ത്രീകളില്‍ ഒരാള്‍ ധരിച്ചിരുന്ന ടീഷര്‍ട്ട് ഊരി. യാത്രക്കാരിലൊരാള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മെയ് 3നാണ് വീഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ സംഭവം നടന്നതെന്നാണ് വ്യക്തമല്ല.