കശ്മീരില്‍ ബാങ്കുകള്‍ പണമിടപാടുകള്‍ നിര്‍ത്തി
|പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് താല്‍ക്കാലികമായി പണമിടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ബാങ്കുകള്‍ തീരുമാനമെടുത്തത്...
ബാങ്ക് കൊള്ളയെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ പ്രശ്‌നബാധിത മേഖലയിലെ പണമിടപാടുകള്‍ നിര്‍ത്തിവെച്ചു. പുല്‍വാമയിലും ഷോപിയാനിലുമടക്കം അമ്പതോളം ബാങ്കുകളിലെ പണമിടപാടുകളാണ് നിര്‍ത്തിവെച്ചത്. തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ വീടുകള്‍ കയറിയുള്ള തിരച്ചില്‍ തുടരുകയാണ്. പാക് അധിനിവേശ കശ്മീരില്‍ നിന്ന് നിയന്ത്രണരേഖ മുറിച്ച് കടന്ന 12 വയസ്സുകാരനെ സൈന്യം അറസ്റ്റ് ചെയ്തു.
പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് താല്‍ക്കാലികമായി പണമിടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ബാങ്കുകള്‍ തീരുമാനമെടുത്തത്. തീവ്രവാദികള്‍ പണം കണ്ടെത്താന്‍ കൂടുതല്‍ ബാങ്കുകള്‍ കൊള്ളയടിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് നിര്‍ദേശം. കശ്മീരില്‍ ഈ ആഴ്ച നാല് ബാങ്കുകളാണ് തീവ്രവാദികള്‍ കൊള്ളയടിച്ചത്. ഷോപ്പിയാന്‍ മേഖലയിലെ 20 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
വീടുകള്‍ കയറിയുള്ള തിരച്ചിലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പ്രദേശവാസികളും സൈന്യവുമായുള്ള സംഘര്‍ഷവും വ്യാപകമായി. കശ്മീരിലെ സംഘര്‍ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചാനലുകള്‍ നിരോധിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സൗദി അറേബ്യയും, പാകിസ്താനും ആസ്ഥാനമായ ചാനലുകളാണ് ഇത്തരത്തില്‍ ഇന്ത്യവിരുദ്ധ പ്രചാരണത്തെ സഹായിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്കും നിരോധനമേര്‍പ്പെടുത്തണമെന്ന് രഹസ്വാന്വേഷണവിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് രജൗരി ജില്ലയില്‍ മുന്‍ പാക് സൈനികന്റെ മകനായ 12 വയസ്സുകാരന്‍ നിയന്ത്രണരേഖ ലംഘിച്ചത്. പാക് സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ എത്തിയതാണെന്ന നിഗമനത്തിലാണ് സൈന്യം.