ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം തുടരാമെന്ന് സുപ്രീം കോടതി
|ഏപ്രില്‍ 29ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി....
ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുള്ള സ്റ്റേ സുപ്രിം കോടതി മെയ് മൂന്ന് വരെ നീട്ടി. വിധിക്കെതിരെ കേന്ദ്രം നല്കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇതോടെ ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി. അതേസമയം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചു.
രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹരജിയില്‍, വിധി ഇന്നേക്ക് വരെ താല്‍ക്കാലികമായി സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് മെയ് മൂന്ന് വരെ നീട്ടാനുള്ള തീരുമാനമാണ് ഇന്ന് സുപ്രിം കോടതി കൈക്കൊണ്ടത്. കേന്ദ്രം നല്കിയ അപ്പീലില്‍ വാദം പൂര്ത്തിയതാകാത്ത സാഹചര്യത്തിലാണ് സ്റ്റേ നീട്ടിയത്. ഇതോടെ ഏപ്രില്‍ 29ന് ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന കാര്യം ഉറപ്പായി. ഇന്ന് ഹരജി പരിഗണിച്ച സുപ്രിം കോടതി, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചു.
9 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയത്, രാഷ്ട്രപതി ഭരണത്തിനുള്ള കാരണമാണോ, വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് നീണ്ട് പോയതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയുമോ, തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. അതേസമയം, ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാഞ്ഞിട്ടും, ബജറ്റിന് സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നുവെന്നും, ഹരീഷ് റാവത്തിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ബജറ്റ് പാസ്സാക്കിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചാല്‍, അതിന്റെ പേരിലും രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ നടത്താന്‍ സാധിക്കുമോ എന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആരാഞ്ഞു. നിയമസഭയുടെ പരമാധികാരി സ്പീക്കറാണെന്ന കാര്യവം കോടതി ഓര്‍മിപ്പിച്ചു. കേസ് തുടര്‍വാദത്തിനായി മെയ് മൂന്നിന് വീണ്ടും പരിഗണിക്കും.