ഷീല ദീക്ഷിത്ത് കോണ്‍ഗ്രസിന്റെ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി
|പരിചയ സമ്പത്ത് പരിഗണിച്ചാണ് ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഹൈക്കമാന്‍ഡിന് നന്ദി പറയുന്നുവെന്ന് ഷീല ദീക്ഷിത് പ്രതികരിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് ജനാര്‍ദ്ദന്‍ ദ്വിവേദിയും ഗുലാം നബി ആസാദും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. പരിചയ സമ്പത്ത് പരിഗണിച്ചാണ് ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഹൈക്കമാന്‍ഡിന് നന്ദി പറയുന്നുവെന്ന് ഷീല ദീക്ഷിത് പ്രതികരിച്ചു.
ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്നു. പ്രിയങ്കയെ നിയോഗിയ്ക്കണമെന്ന് കോണ്‍ഗ്രസ് നടത്തിയ നേതൃത്വ ശില്പശാലയില് ആവശ്യമുയരുകയും ചെയ്തു. ഇതിനിടെയാണ് ഷീലാ ദീക്ഷിതിനെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നിയോഗിച്ചിരിയ്ക്കുന്നത്. 15 വര്‍ഷം ഡല്‍ഹി സര്‍ക്കാരിനെ നയിച്ച ഷീലാ ദീക്ഷിതിന്റെ അനുഭവ സമ്പത്ത് പരിഗണിച്ചാണ് അവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന് ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് പറഞ്ഞു.
ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതിയാരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും ഗുലാം നബി ആസാദ് വിശദീകരിച്ചു. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും പാര്‍ട്ടിയുടെ പ്രതീക്ഷ സഫലമാക്കാന്‍ കഴിയുമെന്ന് കരുതുന്നവെന്നും ഷീലാ ദീക്ഷിത് പ്രതികരിച്ചു. പ്രിയങ്കാ ഗാന്ധി ഉത്തര്‍ പ്രദേശില്‍ പ്രചാരണത്തിനുണ്ടാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.