ഉറക്കത്തിനിടെ യുവാവ് ജീവനുള്ള പാമ്പിന്റെ തല കടിച്ചുതിന്നു
|പാമ്പിന്റെ ഉടല്‍ തറയില്‍
ചേരനെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുകണ്ടം തിന്നണമെന്നാണ് നാട്ടുചൊല്ല്... എന്നാല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു യുവാവ് തിന്നത് പാമ്പിന്റെ തലയാണ്. 28 കാരനായ വിനോദ് രഘുവന്‍ഷിയാണ് ഉറക്കത്തില്‍ പാമ്പിനെ കടിച്ച് രണ്ടാക്കി മുറിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
നല്ല ഉറക്കത്തിലായിരുന്ന വിനോദ് ശരീരത്തിലൂടെ പാമ്പ് ഇഴഞ്ഞു വന്നതും തുറന്നിരുന്ന വായ്ക്കുള്ളിലേക്ക് കയറിയതും അറിഞ്ഞില്ല. ഉറങ്ങുന്നതിനിടെ വായില്‍ കയറിയ പാമ്പിനെ കടിക്കുകയും പാമ്പിന്റെ തല വിഴുങ്ങുകയും ചെയ്തു വിനോദ്. ഇന്‍ഡോറില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് യുവാവ്. തുടര്‍ച്ചയായുള്ള ജോലി കാരണം ക്ഷീണിതനായതിനാലാവാം ഉറക്കത്തില്‍ പാമ്പ് ശരീരത്തില്‍ കയറിയതോ പാമ്പിനെ കടിച്ചതോ ഒന്നും വിനോദ് അറിയാതെ പോയത്.
യാദൃശ്ചികമായി വിനോദിന്റെ മുറിയിലെത്തിയ അമ്മ രാംപ്യാരി മകന്റെ മുഖത്ത് രക്തം കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തയായി. അമ്മയുടെ കരച്ചില്‍ കേട്ടാണ് വിനോദ് ഉണര്‍ന്നത്.
പാമ്പിന്റെ ഉടല്‍ തറയില്‍ കിടപ്പുണ്ടായിരുന്നു. തുടര്‍ന്ന് വിഷചികിത്സകന്റെ അടുത്തെത്തിയ വിനോദ് അയാള്‍ നല്‍കിയ മരുന്ന് കഴിച്ചപ്പോള്‍ ശര്‍ദ്ദിച്ചു. അതില്‍ പാമ്പിന്റെ തലയുണ്ടായിരുന്നു. യുവാവിനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയും വിഷപ്രതിരോധ കുത്തിവെയ്പ്പ് എടുക്കുകയും ചെയ്തു.
ഒരു വര്‍ഷം മുമ്പ് ഛാര്‍ഖണ്ഡിലെ ഒരു ആദിവാസി യുവാവ് ഇതു പോലെ പാമ്പിനെ കടിച്ച് കൊന്നിരുന്നു. പക്ഷേ 12 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചു. മൂന്ന് വര്‍ഷം മുമ്പ് നേപ്പാളില്‍ ഒരു യുവാവ് ഒരു മൂര്‍ഖന്‍ പാമ്പിനെ കടിച്ചതിനെ തുടര്‍ന്നും മരിച്ചിട്ടുണ്ട്.