India
ഓംപുരി അന്തരിച്ചുഓംപുരി അന്തരിച്ചു
India

ഓംപുരി അന്തരിച്ചു

Sithara
|
6 May 2018 1:49 PM GMT

ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം

പ്രമുഖ ചലച്ചിത്ര താരം ഓംപുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നുഅന്ത്യം. 66 വയസ്സായിരുന്നു. രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായ ഓംപുരിക്ക് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയ ഓംപുരിയുടെ മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരിയാനയില്‍ ജനിച്ച ഓംപുരിയുടെ അഭിനയ ജീവിതം തുടങ്ങുന്നത് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ്. നാടകങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം ബോളിവുഡിലേക്കും തുടര്‍ന്ന് ഹോളിവുഡിലേക്കും എത്തി. 1976ല്‍ മറാത്തി ചിത്രമായ കാശിറാം ഘോട്ട്‌വലായിലൂടെയാണ് ചലച്ചിത്രം അരങ്ങേറ്റം. തുടര്‍ന്നിങ്ങോട്ട് നൂറിലധികം ചിത്രങ്ങള്‍.

തൊണ്ണൂറുകളുടെ മധ്യത്തോടെ സമാന്തര ചിത്രങ്ങളുടെ മുഖമായി ഓംപുരി. ആക്രോശ്, അര്‍ധ് സത്യ, ഡിസ്കോ ഡാന്‍സര്‍ എന്നീ ചിത്രങ്ങള്‍ ഓംപുരിയെന്ന നടനെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. ഹിന്ദിക്ക് പുറമെ പഞ്ചാബി, ഉര്‍ദു, കന്നഡ, തെലുങ്കു, മലയാളം എന്നീ പ്രാദേശിക ഭാഷകളിലും അഭിനയിച്ചു. 1988ല്‍ പുറത്തിറങ്ങിയ പുരാവൃത്തവും സംവത്സരങ്ങളും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആടുപുലിയാട്ടവുമാണ് മലയാള ചിത്രങ്ങള്‍.
രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് പറന്ന ഓംപുരി നിരവധി ഇംഗ്ലീഷ് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഓസ്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ദ ഗാന്ധി എന്ന ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്തു.

നടന്‍, സഹനടന്‍, സ്വഭാവനടന്‍, വില്ലന്‍, ഹാസ്യനടന്‍ എന്നീ റോളുകളില്‍ തിളങ്ങിയ അപൂര്‍വ്വ നടന്‍ കൂടിയാണ് ഓംപുരി. 1993ല്‍ നന്ദിത പുരിയെ വിവാഹം കഴിച്ചുവെങ്കിലും 2013ല്‍ വിവാഹമോചിതരായി. ഇഷാന്‍ പുരിയാണ് മകന്‍.

സാമൂഹ്യ വിഷയങ്ങളില്‍ സ്വന്തം നിലപാട് ഓംപുരി തുറന്നുപറഞ്ഞിരുന്നു. ബീഫ് വിവാദ കാലത്ത് ഇന്ത്യയുടെ മതേതരത്വത്തെ അപകടപ്പെടുത്താന്‍ സംഘപരിവാര്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ‌മതേതരരാജ്യമായ ഇന്ത്യയില്‍ ബീഫ് ഭക്ഷണമായാണ് ജനങ്ങള്‍ കാണുന്നതെന്നും അതിന്റെ പേരില്‍ കലാപങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പൂനെ ഫിലിം ഇന്‍സിസ്റ്റ്യൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൌഹാനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തോട് ഓംപുരി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പാക് അഭിനേതാക്കള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്താനുളള സംഘപരിവാര്‍ നീക്കങ്ങളെയും അദ്ദേഹം എതിര്‍ത്തിരുന്നു.

Similar Posts