വോട്ട് രേഖപ്പെടുത്തിയ ശേഷം മോദിയുടെ റോഡ്ഷോ; നടപടി വേണമെന്ന് കോണ്‍ഗ്രസ്
|ഗുജറാത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിവാദത്തില്‍.
ഗുജറാത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിവാദത്തില്‍. വോട്ട് ചെയ്ത് പുറത്തെത്തിയ മോദി മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആളുകള്‍ക്കിടയിലൂടെ നടന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറുമ്പോഴും മോദി മഷിപുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാണിച്ചു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതിനിടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ സംബന്ധിച്ച് ജില്ലാ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി.
പ്രധാനമന്ത്രി വോട്ടെടുപ്പ് ദിനത്തില്‍ റോഡ് ഷോ നടത്തുമ്പോള്‍ നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചിദംബരം വിമര്‍ശിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി നടത്തിയ റോഡ് ഷോ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ഗെലോട്ട് വിമര്‍ശിച്ചു. ഗുജറാത്തില്‍ പരാജയം നേരിടാന്‍ പോകുന്ന പ്രധാനമന്ത്രി പാര്‍ട്ടി കൊടികളേന്തിയ അണികളുമൊത്ത് റോഡ് ഷോ നടത്തുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ആര് എസ് സുര്‍ജേവാല പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രിയുടെ കളിപ്പാവയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാഹുല്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതില്‍ വേഗത്തില്‍ നടപടി എടുത്ത കമ്മീഷന് വോട്ടിങ് ദിനത്തില്‍ റോഡ് ഷോ നടത്തിയ മോദിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോണ്‍ഗ്രസ് വിമര്‍ശത്തിനെതിരെ മന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘവും തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തി പരാതി നല്കി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി.