India
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് മോദി യാത്ര തിരിച്ചുത്രിരാഷ്ട്ര സന്ദര്‍ശനത്തിന് മോദി യാത്ര തിരിച്ചു
India

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് മോദി യാത്ര തിരിച്ചു

Subin
|
6 May 2018 4:13 PM GMT

ദുബൈയില്‍ നടക്കുന്ന ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. യുഎഇയിലെയും ഒമാനിലെയും ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തും...

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഫലസ്തീന്‍, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ലോക സര്‍ക്കാര്‍ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

ചരിത്ര സന്ദര്‍ശനത്തിനായി ജോര്‍ദാന്‍ വഴിയാണ് പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക. റാമല്ലയില്‍ എത്തുന്ന പ്രധാനമന്ത്രി ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ചര്‍ച്ചനടത്തും. തുടര്‍ന്ന് ചില കരാറുകളിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കും, ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു.

ഒരു പകല്‍ മാത്രം റമല്ലയില്‍ തങ്ങുന്ന മോദി പിന്നീട് യുഎഇയിലെത്തും. 12 വരെ യുഎഇയിലും ഒമാനിലുമാണു സന്ദര്‍ശനം.ഒമാനില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്നത്. യുഎഇയിലേക്ക് രണ്ടാം തവണയും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഇത്തവണത്തെ സന്ദര്‍ശനം. പലസ്തീനിലെയും യുഎഇയിലെയും ഒമാനിലെയും ഭരണാധികാരികളുമായി വിവിധ വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും.

ദുബൈയില്‍ നടക്കുന്ന ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ഗസ്റ്റ് ഓഫ് ഓണര്‍ പദവി നല്‍കിയിട്ടുണ്ട്. യുഎഇയിലെയും ഒമാനിലെയും ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തും.

Related Tags :
Similar Posts