പശുക്കള്‍ ചാകുന്നത് പ്ലാസ്റ്റിക് ഭക്ഷിച്ച്; 'പശു സംരക്ഷകര്‍'ക്കെതിരെ ആഞ്ഞടിച്ച് മോദി
|പശുക്കള്‍ ഭൂരിപക്ഷവും ചാകുന്നത് പ്ലാസ്റ്റിക് ഭക്ഷിച്ചാണ്.
ഗോരക്ഷയുടെ പേരില്‍ അക്രമം അഴിച്ചുവിടുന്നവരോട് കടുത്ത അമര്‍ഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കള്‍ ഭൂരിപക്ഷവും ചാകുന്നത് പ്ലാസ്റ്റിക് ഭക്ഷിച്ചാണ്. ആളുകള്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെ പ്രചാരണം നടത്തുകയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും അതാണ് ഏറ്റവും പ്രധാന സേവനമെന്നും പ്രധാനമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
ഗോ രക്ഷകര്‍ എന്ന പേരില്‍ കുറേ പേര് കട തുറന്നിട്ടുണ്ട്. തനിക്ക് അവരോട് കടുത്ത അമര്‍ഷമുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കണമെന്നും അതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും മോദി നിര്‍ദേശിച്ചു. ഗോരക്ഷക് എന്നറിയപ്പെടുന്ന പശുസംരക്ഷകര്‍ സാമൂഹ്യവിരുദ്ധരും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരുമാണ്. പശുക്കളില്‍ ഭൂരിഭാഗവും ചത്തൊടുങ്ങത് വഴിയിലും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ തിന്നാണെന്നും മോദി പറഞ്ഞു. സ്വയംസേവകര്‍ എന്നാല്‍ നിസ്വാര്‍ഥമായി സേവനം ചെയ്യുന്നവരാണെന്നും മറ്റുള്ളവര്‍ക്ക് ഭീഷണിയാകുന്നവരാകരുതെന്നും മോദി പറഞ്ഞു. 'ഗോ രക്ഷകരെന്ന പേരില്‍ ചിലര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തന്നെ രോഷം കൊള്ളിക്കുന്നു. ഇവര്‍ ഗോ സംരക്ഷകരെന്ന പേരില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഗോ ഭക്തിയും ഗോ സേവയും വ്യത്യസ്തമാണ്. പകല്‍ സംരക്ഷരാകുന്നവര് രാത്രി ക്രിമിനലുകളാണ്. ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങല്‍ നല്കാന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്ന് തൊലിയുരിഞ്ഞെന്ന് ആരോപിച്ച് ഗോരക്ഷകര്‍ ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തെത്തുടര്‍ന്ന് വന്‍ ദലിത് പ്രക്ഷോഭം ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം. നിലവിലെ സാഹചര്യം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാകുമെന്ന ആര്‍എസ്എസ് ആഭ്യന്തര സര്‍വെയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗോസംരക്ഷണമെന്ന പേരില്‍ ദലിതുകളെയും മുസ്ലിംകളെയും വേട്ടയാടുന്നവര്‍ക്കെതിരെ മോദി ആഞ്ഞടിച്ചത്.