പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
|ജിഎസ്ടി ബില്‍ പാസാക്കാനായത് ആശ്വാസമായപ്പോള്‍ കശ്മീര്‍, ദലിത് വിഷയങ്ങളില്‍ രൂക്ഷമായ വിമര്‍ശമാണ് സര്‍ക്കാരിന് പാര്‍ലമെന്റിന്റെ
വര്‍ഷകാല സമ്മേളനത്തിന് ശേഷം പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജിഎസ്ടി ബില്‍ പാസാക്കാനായത് ആശ്വാസമായപ്പോള്‍ കശ്മീര്‍, ദലിത് വിഷയങ്ങളില്‍ രൂക്ഷമായ വിമര്‍ശമാണ് സര്‍ക്കാരിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നേരിടേണ്ടി വന്നത്. ദേശീയ വിദ്യാഭ്യാസ നയ ഭേദഗതി രാജ്യസഭയില്‍ പാസാക്കാനും കഴിഞ്ഞില്ല. കശ്മീര്‍ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി അവസാന ദിവസം സഭ പ്രമേയം പാസാക്കി.
രാജ്യത്തൊട്ടാകെ ഏകീകൃത നികുതി നടപ്പിലാക്കുന്നതിനുള്ള ചരക്കു സേവന നികുതി നിയമം പാസാക്കിയെടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍ സര്‍ക്കാരിന് കഴിഞ്ഞു. പ്രതിപക്ഷം മുന്നോട്ട് വെച്ച ഭേദഗതികളോടെയായിരുന്നു ബില്‍ പാസാക്കിയത്. ഇരുപത് ദിവസം നീണ്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ വിലക്കയറ്റം, കശ്മീരിലെ ക്രമസമാധാന പ്രശ്നം, ദലിത്-ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരായി നടന്ന അതിക്രമങ്ങള്‍ എന്നിവ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
പശു സംരക്ഷണത്തിന്റെ പേരില്‍ ദലിത്-മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരായി നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാല്‍പതിലധികം തവണയാണ് പ്രതിപക്ഷം രാജ്യസഭ നടപടികള്‍ തടസ്സപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലടക്കം ദലിത് പീഡനം നടന്നത് കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ പശു സംരക്ഷകരെ പരസ്യമായി വിമര്‍ശിച്ച് പ്രധാനമന്ത്രിക്ക് രംഗത്തെത്തേണ്ടി വന്നു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ ഉണ്ടായ സംഘര്‍ഷമാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു പ്രധാനവിഷയം. ജനങ്ങള്‍ക്കെതിരെ സൈന്യം നടത്തിയ അതിക്രമത്തിനെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം നടക്കുകയും വിഷയം സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുകയും ചെയ്തു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നതും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു.