വിജയ് മല്യയെ തിരിച്ചെത്തിക്കുന്നതിന് നിയമോപദേശം തേടിയെന്ന് വിദേശകാര്യമന്ത്രാലയം
|മല്യയ്‌ക്കെതിരെയുള്ള കള്ളപ്പണക്കേസ് അന്വേഷിയ്ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി...
വിജയ് മല്യയെ രാജ്യത്ത് തിരിച്ചെത്തിയിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയിട്ടുള്ളതായി വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മല്യയ്‌ക്കെതിരെയുള്ള കള്ളപ്പണക്കേസ് അന്വേഷിയ്ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. വിദേശകാര്യമന്ത്രാലയം നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ വിജയ് മല്യയ്ക്ക് നല്‍കിയിരുന്ന കാലാവധിയും അവസാനിച്ചു.
വിജയ് മല്യയ്‌ക്കെതിരെയുള്ള കള്ളപ്പണക്കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. പാസ്‌പോര്‍ട്ട് സ്ഥിരമായി റദ്ദാക്കാതിരിയ്ക്കാന്‍ കാരണം കാണിയ്ക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം വിജ്യമല്യക്ക് നോട്ടീസയക്കുകയും ചെയ്തു. നോട്ടീസിന് മറുപടി നല്‍കാനുള്ള കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വിജയ് മല്യയെ തിരിച്ചു കൊണ്ടു വരാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
നയതന്ത്ര ബന്ധങ്ങളെ ഉള്‍പ്പെടെ ബാധിയ്ക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ അടുത്തതായി സ്വീകരിയ്‌ക്കേണ്ട നടപടികളെക്കുറിച്ചാണ് ഇന്ത്യ നിയമോപദേശം തേടിയിട്ടുള്ളത്.