ഷെറിന്റെ ദത്തെടുക്കല്‍ പ്രക്രിയയില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം
|അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ ദത്തെടുക്കല്‍ പ്രക്രിയയില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദേശകാര്യമന്ത്രി നിര്‍ദേശം നല്കി..
അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ ദത്തെടുക്കല്‍ പ്രക്രിയയില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദേശകാര്യമന്ത്രി നിര്‍ദേശം നല്കി. വനിത, ശിശുക്ഷേമന്ത്രി മനേകാ ഗാന്ധിക്കാണ് സുഷമാസ്വരാജ് നിര്‍ദേശം നൽകിയത്. സംഭവത്തിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താന്‍ ഹോസ്റ്റണിലെ കോണ്‍സുലേറ്റ് ജനറലിനും മന്ത്രി നിര്‍ദേശം നല്കി.
കൊച്ചി സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്ത മൂന്നുവയസ്സുകാരി ഷെറിന് മാത്യൂസിനെ കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കൊലപാകത്തിന് ഉത്തരവാദി പിതാവ് വെസ്ലി മാത്യുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച അന്വേഷണം നടത്താന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചത്. കുട്ടിയുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ശിശുക്ഷേമന്ത്രി മനേകാ ഗാന്ധിക്ക് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നിര്‍ദേശം നൽകി. ചട്ടങ്ങള്‍ പാലിച്ചു തന്നെയാണോ ദത്തെടുക്കലെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദത്തെടുക്കല്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ കഴിഞ്ഞദിവസം ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിരുന്നു. ദത്തെടുത്ത് വിദേശത്തേക്ക് കൊണ്ടുപോകുന്ന കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് ശിശുക്ഷേമമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഷെറിന് മാത്യൂസിന്റെ മരണം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താന്‍ വിദേശകാര്യമന്ത്രി ഹോസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും മന്ത്രി നിര്‍ദേശം നല്കി.