കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു
|ഹരിയാനയിലെ സോനിപത്തില്‍ ഹവില്‍ദാര്‍ ലക്ഷ്മണ്‍ദാസിന്റെ ഭാര്യ ശകുന്തളാദേവിയാണ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
ആധാര്‍ കാര്‍ഡ് ഇല്ലെന്ന് കാണിച്ച് ചികിത്സ നിഷേധിച്ചതോടെ കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ മരിച്ച സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ ഗൌരവത്തോടെ കാണുന്നതായും ഖട്ടാര്‍ പറഞ്ഞു. ഹരിയാനയിലെ സോനിപത്തില്‍ ഹവില്‍ദാര്‍ ലക്ഷ്മണ്‍ദാസിന്റെ ഭാര്യ ശകുന്തളാദേവിയാണ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
വ്യാഴാഴ്ചയാണ് കാര്‍ഗില്‍ രക്തസാക്ഷി ഹവില്‍ദാര്‍ ലക്ഷ്മണ്‍ദാസിന്റെ ഭാര്യ ശകുന്തളാദേവിയെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സോനിപത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആധാര്‍കാര്‍ഡ് ലഭിച്ചാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്ത് ചികിത്സ ആരംഭിക്കാനാകൂ എന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മൊബൈല്‍ വഴി മകന്‍ പവന്‍കുമാര്‍ കാണിച്ച് കൊടുത്തെങ്കിലും ചികിത്സ നല്‍കിയില്ല. തുടര്‍ന്ന് ശകുന്തളാ ദേവി മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിമുക്തഭടന്മാരുടെ കുടുംബത്തിനുള്ള ആരോഗ്യ പദ്ധതി വിനിയോഗിക്കാനാണ് ശകുന്തളാദേവിയുടെ കുടുംബം ശ്രമിച്ചത്. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായതോടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി അശ്വിനികുമാര്‍ ചൗബേയും അറിയിച്ചു.