ജിഷ വധക്കേസില്‍ പോലീസും പ്രതിയും ഒത്തുകളിക്കുയാണെന്നും പ്രതിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും മേനക ഗാന്ധി
|കേസ് സിബിഐക്ക് വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം, ജിഷയുടെ മൃതദേഹം പെട്ടന്ന് സംസ്കരിച്ചത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും മന്ത്രി
ജിഷ വധക്കേസ് സിബിഐക്ക് വിടുന്ന കാര്യം കേരളത്തിലെ പുതിയ സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേസില്‍ പോലീസും പ്രതിയും ഒത്തു കളിക്കുകയാണെന്നും ഇക്കാര്യം വനിതാ കമ്മീഷന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ കേസ് ഗൌരവത്തിലെടുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം നടന്ന് 28 ദിവസം പിന്നിട്ടിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല, കേസില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് മുന്‍ സംസ്ഥാന സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ പോലീസും പ്രതിയും ഒത്തു കളിക്കുയാണെന്നും പ്രതിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു.
കേസ് സിബിഐക്ക് വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം, ജിഷയുടെ മൃതദേഹം പെട്ടന്ന് സംസ്കരിച്ചത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ കേസന്വേഷണത്തെ സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പരാതിയില്‍ പോലീസ് കംപ്ലയ്ന്റ് അതോറിറ്റിക്ക് മുന്നില്‍ സിറ്റിംഗിന് ഹാജാരാകാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.