India
ഗുജറാത്ത് വിഷയം: പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ദമായിഗുജറാത്ത് വിഷയം: പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ദമായി
India

ഗുജറാത്ത് വിഷയം: പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ദമായി

admin
|
8 May 2018 12:35 PM GMT

ഗുജറാത്തിലെ ആക്രമണങ്ങളെ അപലപിയ്ക്കുന്നുവെന്നും ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നുവെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു

ഗോവധം ആരോപിച്ച് ഗുജറാത്തില്‍ ദളിതരെ ആക്രമിച്ച സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ദമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ പൂര്‍ണമായി തടസ്സപ്പെട്ടു. സംയുക്ത പാര്‍ലമെന്‍ററി സമിതി ഗുജറാത്ത് സന്ദര്‍ശിയ്ക്കണമെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഗുജറാത്തിലെ ആക്രമണങ്ങളെ അപലപിയ്ക്കുന്നുവെന്നും ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നുവെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു. സംഭവത്തില്‍ ഗുജറാത്തില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ വ്യാപിയ്ക്കുകയാണ്. സംഘര്‍ഷത്തിനിടെ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.

പാര്‍ലമെന്‍റില്‍ ഇരുസഭകളും ആരംഭിച്ചയുടന്‍ തന്നെ മറ്റ് അജണ്ടകള്‍ മാറ്റി വെച്ച് ഗുജറാത്ത് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികള്‍ എതാണ്ട് പൂര്‍ണമായി തടസ്സപ്പെട്ടു. മായാവതിയെ അപമാനിച്ച വിഷയം മാത്രം ചര്‍ച്ച ചെയ്ത് രാജ്യസഭ അടുത്ത ദിവസം വരെ പിരിഞ്ഞു.

ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ചോദ്യോത്തരവേള പൂര്‍ത്തിയാക്കിയത്. ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തില്‍ ദളിത് പീഡനം തുടര്‍ക്കഥയാവുന്നത് ഗൌരവമേറിയ വിഷയമാണെന്നും സംയുക്തപാര്‍ലമെന്‍ററി സമിതി ഗുജറാത്ത് സന്ദര്‍ശിയ്ക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. ദളിതര്‍ക്കെതിരെ നടക്കുന്ന എല്ലാ ആക്രമണങ്ങളെയും അപലപിയ്ക്കുന്നുവെന്നും അതൊരു സാമൂഹ്യ പ്രശ്നമാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് മറുപടി നല്‍കി. ബി.ജെ.പി ഭരണത്തിലല്ല കോണ്‍ഗ്രസ് ഭരണത്തിലാണ് ദലിത് പീഡനം കൂടുതല്‍ നടന്നതെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

മറുപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായ സംഭവങ്ങളെ വഴിതിരിച്ചു വിടാനാണ് ആഭ്യന്തര മന്ത്രി ശ്രമിയ്ക്കുന്നതെന്നും നടപടിയെടുക്കുന്നതിനു പകരം ഗുജറാത്ത് സര്‍ക്കാരിനെ അഭിനന്ദിയ്ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗുജറാത്തില്‍ ദളിത് സംഘടനകളുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. റോഡുകള്‍ ഉപരോധിയ്ക്കുകയും ബസ്സുകള്‍ കത്തിയ്ക്കുകയും ചെയ്തു. ദളിത് യുവാക്കളെ മര്‍ദിച്ച കേസില്‍ 16 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഹിന്ദുത്വത്തിന്‍റെ പേരില്‍ അക്രമം തുടര്‍ന്നാല്‍ ഹിന്ദുമതം ഉപേക്ഷിയ്ക്കുമെന്ന് ഏതാനും ദളിത് സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.

Similar Posts