ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താല്‍പര്യപ്രകാരമാകരുത്: ചൈനയോട് ഇന്ത്യ
|ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പറഞ്ഞത്
ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാകരുതെന്ന് ചൈനയോട് ഇന്ത്യ. ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളും തങ്ങളുടെ അഭിലാഷങ്ങളെയും ആശങ്കകളെയും തന്ത്രപ്രധാന താല്‍പര്യങ്ങളെയും പരസ്പരം ബഹുമാനിക്കണമെന്നും മോദി കൂടിക്കാഴ്ച്ചക്കിടെ പറഞ്ഞു.
ചൈനയിലെ ഹാങ്ചൌവില്‍ ആരംഭിച്ച ജി 20 ഉച്ചകോടിക്കിടെയാണ് ഷി ജിന്‍പിങുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് ഇരുവും കാണുന്നത്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് ഇന്ത്യക്ക് നേരെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളോടുള്ള ചൈനയുടെ മൃദുസമീപനത്തില്‍ മോദി ഷി ജിന്‍പിങ്ങിനെ അതൃപ്തി അറിയിച്ചു. ഭീകരതയെ എതിര്‍ക്കുമ്പോള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പരിഗണിക്കരുത്. ജെയ്ഷെ മുഹമ്മദ് തവന്‍ ഹാഫിസ് സഈദിനെ ഐക്യരാഷ്ട്രസഭയുടെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. ഇതുദ്ദേശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ എതിര്‍ക്കുന്ന നിലപാട് പുനപരിശോധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും തങ്ങളുടേതായ അഭിലാഷങ്ങളും ആശങ്കളും തന്ത്രപ്രധാന താല്‍പര്യങ്ങളുമുണ്ടാകും. അവയെ പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാമെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കാശ്മീരില്‍ ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി ഉണ്ടാക്കിയേക്കാവുന്ന സുരക്ഷ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കയും പ്രധാനമന്ത്രി ക്ഷി ജിന്‍പിങ്ങിനെ അറിയിച്ചു. ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും ഉണ്ടാക്കിയെടുത്ത ബന്ധം നിലനിര്‍ത്താനും കൂടുതല്‍ ശക്തമാക്കാനും ചൈന സന്നദ്ധമാണെന്ന് ഷി ജിന്‍പിങ്ങ് മോദിയെ അറിയിച്ചു.