India
കേന്ദ്രം മുത്തലാഖിനെതിരെ; സര്‍ക്കാര്‍ നിലപാട് അടുത്തയാഴ്ച സുപ്രിംകോടതിയെ അറിയിക്കുംകേന്ദ്രം മുത്തലാഖിനെതിരെ; സര്‍ക്കാര്‍ നിലപാട് അടുത്തയാഴ്ച സുപ്രിംകോടതിയെ അറിയിക്കും
India

കേന്ദ്രം മുത്തലാഖിനെതിരെ; സര്‍ക്കാര്‍ നിലപാട് അടുത്തയാഴ്ച സുപ്രിംകോടതിയെ അറിയിക്കും

Khasida
|
8 May 2018 9:08 PM GMT

സുപ്രീം കോടതിയില്‍ അടുത്തയാഴ്ച നടക്കുന്ന വാദത്തില്‍ മുത്തലാഖിനെ എതിര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

മുസ്‍ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏകപക്ഷീയവും വിവാദവുമായ വിവാഹമോചനരീതിയായ മുത്തലാഖിനെതിരായ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ഗവണ്‍മെന്റ് നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. സുപ്രീം കോടതിയില്‍ അടുത്തയാഴ്ച നടക്കുന്ന വാദത്തില്‍ മുത്തലാഖിനെ എതിര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്നും ലിംഗസമത്വത്തിന് എതിരാണെന്നും വിവേചനപരവും യുക്തിരഹിതവും നീതിയുക്തവുമല്ലാത്ത രീതിയാണെന്നും മതേതര ഇന്ത്യക്ക് യോജിക്കാത്ത കീഴ്‌വഴക്കമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിക്കും.

ഇതിനായി മറ്റ് ഇസ്‍ലാമിക രാജ്യങ്ങളിലെ സാഹചര്യവും കേന്ദ്രം വ്യക്തമാക്കുന്നു. ഇസ്ലാമിക രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശും അടക്കം 20 രാജ്യങ്ങള്‍ മുത്തലാഖ് അടക്കമുള്ള വിവാഹ നിയമങ്ങളില്‍ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. ഈ രാജ്യങ്ങളിലൊന്നും ഈ ക്രമപ്പെടുത്തലുകള്‍ ശരിയ നിയമത്തിന് എതിരാണെന്ന് ആരും വാദിച്ചിട്ടില്ലെന്നും അപ്പോള്‍ ഇന്ത്യയില്‍ അങ്ങനെയൊരു വാദം ഉയര്‍ത്തുന്നത് തെറ്റല്ലേയെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കും

മൗലിക അവകാശങ്ങളുടെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതാണ് വിശ്വാസം, എന്നാല്‍ മുത്തലാഖ് പോലുള്ള ഭരണഘടനാ വിരുദ്ധമായ ആചാരങ്ങള്‍ അവസാനിപ്പിക്കപ്പെടുകതന്നെ ചെയ്യണം. ലിംഗസമത്വത്തിന് വിരുദ്ധമായ സമ്പ്രദായമാണ് മുത്തലാഖ് എന്നും കേന്ദ്രം കോടതിയെ ബോധിപ്പിക്കും. ആഭ്യന്തര, ധന, വനിത ശിശുക്ഷേമ,നിയമ മന്ത്രാലയങ്ങളുടെ സംയുക്ത യോഗത്തിന് ശേഷമാണ് സുപ്രീം കോടതിയില്‍ മുത്തലാഖ് വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടില്‍ കേന്ദ്രം അന്തിമതീരുമാനമെടുത്തിരിക്കുന്നത്.

മതവും പാരമ്പര്യവും പോലുള്ള അതിവൈകാരിക കാര്യങ്ങളില്‍ സാധാരണ ഗതിയില്‍ നിഷ്പക്ഷ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്.. എന്നാല്‍ മുത്തലാഖ് വിഷയത്തില്‍ അതിനെതിരായാണ് സര്‍ക്കാര്‍ നീങ്ങുന്നത്. വിഷയത്തിലെ ഗവണ്‍മെന്റിന്റെ നിലപാട് പരമോന്നത നീതിപീഠത്തെ അറിയിക്കുമെന്നും മുത്തലാഖ് പോലുള്ള ഒരു സമ്പ്രദായത്തെ ഏക സിവില്‍കോഡായല്ല, ലിംഗനീതിയുടെ കണ്ണിലൂടെയാണ് സമീപിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ലിംഗ സമത്വത്തോടൊപ്പം അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സര്‍ക്കാര്‍ വിവക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് മുത്തലാഖിന്റെ നിയമസാധുത സംബന്ധിച്ച പരാതികളില്‍ വാദം കേള്‍ക്കുക.

Related Tags :
Similar Posts