ജമ്മുകശ്മീരില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ കൂടി കൊല്ലപ്പെട്ടു
|സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. കോട്ട്വായില് വീണ്ടും ഷെല്‍ ആക്രമണം.... മച്ചില്‍ സെക്ടറിലെ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. നിധിന് സുബ്ഹാഷാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ സംബന്ധിച്ച് ബി എസ് എഫ് മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോട് വിശദീകരിച്ചു.
ജമ്മുകശ്മീരില്‍ പാകിസ്താന് തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഇന്നലെയും ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. കപ്വാര ജില്ലയിലെ മച്ചിലുണ്ടായ വെടിവെപ്പിലാണ് സൈനികന് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയെ വധിച്ചതായി സൈന്യം അറിയിച്ചു.
15 പാകിസ്താന് സൈനികരെ ഒരാഴ്ചക്കിടെ കൊലപ്പെടുത്തിയതായി ബിഎസ്എഫ് വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തിയില്‍ കപ്വാരക്കടുത്ത് തീവ്രവാദി ആക്രമണം ഉണ്ടായത്. സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ വെടിവെപ്പാണ് നടന്നത്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം തീവ്രവാദികള്‍ വികൃതമാക്കി.
പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് കിരാതമായ നടപടിയായെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം അറിയിച്ചു.
അതിനിടെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങ്ങിനെ പാകിസ്താന് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായ ഭാഷയില്‍ ജെ പി സിങ് പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയായി പാകിസ്താന്റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണങ്ങടക്കം നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.