അമിത് ഷാക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം
|അഹമ്മദാബാദില്‍ 13,800 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തി അറസ്റ്റിലായ മഹേഷ് ഷാ സൂചിപ്പിച്ച രാഷ്ട്രീയ നേതാവ് അമിത് ഷായാണെന്നാണ് ആരോപണം
കള്ളപ്പണം വെളുപ്പിക്കലില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയും ആരോപണം. അഹമ്മദാബാദില്‍ 13,800 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തി അറസ്റ്റിലായ മഹേഷ് ഷാ സൂചിപ്പിച്ച രാഷ്ട്രീയ നേതാവ് അമിത് ഷായാണെന്നാണ് ആരോപണം. പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലും ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് ഭായി മേത്തയുമാണ് ആരോപണമുന്നയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം കള്ളപ്പണം വെളിപ്പെടുത്തിയ റിയല്‍ എസ്റ്റേറ്റ് ഡീലര്‍ മഹേഷ് ഷായുടെ വെളിപ്പെടുത്തല്‍ രേഖകള്‍ തള്ളിയ കേന്ദ്ര ധനകാര്യ മന്ത്രാലയം മഹേഷ് ഷായെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ചെറുകിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ ഇയാള്‍ക്ക് ഇത്രയും പണം ലഭിച്ചത് ദുരൂഹമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
പണം ഒരു രാഷ്ട്രീയ നേതാവിന്റേതാണെന്ന് മഹേഷ് ഷാ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി വാര്‍ത്തയും പുറത്തു വന്നു. ഇതിനു പിറകെയാണ് മഹേഷ് ഷാ സൂചിപ്പിച്ച രാഷ്ട്രീയ നേതാവ് അമിത്ഷായാണെന്ന് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചത്. മഹേഷ് ഷാ വെറും മുഖമാണെന്നും ശരിയായ കളിക്കാരന്‍ ജനറല്‍ ഡയറാണെന്നും ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് മഹേഷ് ഷാ വെളിപ്പെടുത്തിയ ആളെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഭായി മേത്തയും പറഞ്ഞു.
ഹാര്‍ദിക് പട്ടേല്‍ ഉന്നയിച്ച ആരോപണം വളരെ ഗൌരവമുള്ളതാണെന്നും അമിത് ഷാ പ്രതികരിക്കണമെന്നും വിഷയം ശരിയായി അന്വേഷിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ ആവശ്യപ്പെട്ടു. അമിത് ഷാക്കെതിരായുളള സുരേഷ് ഭായി മേത്തയുടെ ആരോപണം ഗൌരവതരമാണെന്ന് പ്രശാന്ത് ഭൂഷണും പ്രതികരിച്ചു.