പ്രചാരണം വ്യാപിപ്പിച്ച് മായാവതി; സാമൂഹ്യമാധ്യങ്ങളിലും സജീവം
|ട്വിറ്റര്‍ ഫോളോവേഴ്സ് പതിനായിരത്തിനടുത്ത്
അറുപത്തി ഒന്നാം വയസ്സില്‍ നൂതന തെരഞ്ഞെടുപ്പ് മാര്‍ഗ്ഗങ്ങള്‍ക്ക് വഴങ്ങി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ പരമ്പരാഗത പ്രചാരണ മാര്‍ഗങ്ങള്‍ സ്വീകരിച്ച മായാവതി ഇത്തവണ സാമൂഹ്യ മാധ്യമങ്ങളിലേക്കും കയറുകയാണ്. രോഹിത് വെമുലയും ജിഷയുടയുമടക്കം ഭരണകൂട ഇരകളായ ദലിതരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളുമായാണ് ബിഎസ്പിയുടെ ഓണ്‍ലൈന്‍ പ്രചാരണം
വയസ്സ് 61. പോരാട്ട വീര്യത്തിന് പഴക്കം രണ്ട് പതിറ്റാണ്ടിലധികം. വോട്ട് ചെയ്യാനെത്തുന്നവരില്‍ ഏറെയും യുവത്വം വിട്ടവര്‍. പിന്തുണക്കുന്നവരില്‍ ഏറെയും സാധാരണക്കാരിലും സാധാരണക്കാരായവര്‍. ഇങ്ങനെ പല കാരണങ്ങളുണ്ട് മായാവതിയുടെ ഓണ്‍ലൈന്‍ പ്രചാരണത്തോടുള്ള വിയോജിപ്പിന്. പിറന്നാള്‍ ദിനമായ ഇന്നലെ മുതലാണ് മായാവതിയും ബിഎസ്പിയും ഓണ്‍ലൈന്‍ പ്രചാരണത്തില്‍ സജീവമായത്. 10,000ന് അടുത്താണ് നിലവിലെ മായാവതിയുടെ ട്വിറ്റര്‍ ഫോളോവേഴ്സ്.
മായാവതി വീണ്ടും അധികാരത്തിലേക്ക് എന്ന വാക്യത്തോടെയാണ് ട്വിറ്റര്‍, ഫേസ്ബുക്ക്, യുടൂബ് പ്രചാരണം ചൂടുപിടിക്കുന്നത്. ഭരണ കൂട ഇരകളായ ഹൈദരാബാദ് വിദ്യാര്‍ഥി രോഹിത് വെമുല, കൊല്ലപ്പെട്ട ജിഷ തുടങ്ങിയവരുടെ ചിത്രങ്ങളടങ്ങടങ്ങിയതാണ് ബിഎസ്പിയുടെ പോസ്റ്റര്‍. എസ്പിയും ബിജെപിയും കോണ്‍ഗ്രസും നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കട്ടെ എന്ന മുദ്രാവാക്യവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന അഖിലേഷ് യാദവിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് 3 മില്ല്യണോളമാണ്.
ബിജെപിയും ലക്നൌവിലെ ഓഫീസില്‍ ഓണ്‍ലൈന്‍ പ്രചാരണത്തിന് സജ്ജീകരണമൊരുക്കിയിട്ടുണ്ട്. ഈ കാഴ്ചകളാണ് ബിഎസ്പി പ്രവര്‍ത്തകരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുളള പ്രചാരണത്തിന് പ്രേരിപ്പിച്ചത്. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വ്യത്യസ്ത പ്രചാരണ മാര്‍ഗങ്ങളെ കുറിച്ചും ബിഎസ്പി ആലോചിക്കുന്നുണ്ട്. 50 വേദികളിലായി നടത്തുന്ന തെരഞ്ഞെടുപ്പ് സമ്മേളനങ്ങളും റാലികളും നേരത്തെ തന്നെ ബിഎസ്പി ആരംഭിച്ചിരുന്നു.