മേല്‍പ്പാലം തകര്‍ന്ന സംഭവം; മരണസംഖ്യ 24 ആയി, 5 പേര്‍ അറസ്റ്റില്‍
|കമ്പനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്
കൊല്‍ക്കയിലെ ബഡാബസാറില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത IVRCL കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥരെ ഹൈദരാബാദിലെത്തിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കമ്പനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിന് പുറമെ മറ്റ് സംസ്ഥാനങ്ങളും കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തും. മേല്‍പ്പാലം തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന IVRCL HR പാണ്ഡുരംഗറാവുവിന്റെ പ്രതികരണവും വിവാദമായിട്ടുണ്ട്. 2009ല്‍ ആരംഭിച്ച മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ട തിയതി കമ്പനി അഞ്ചിലധികം തവണ തെറ്റിച്ചിരുന്നു.
നിര്‍മ്മാണ പ്രവൃത്തികളിലുള്ള നിമലംഘനങ്ങളും അഴിമതിയും പല തവണ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയതുമാണ്. എന്നാല്‍ സംഭവം സ്‌ഫോടനമാകാന്‍ സാധ്യയുണ്ടെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായും സംഭവസ്ഥലത്ത് ചില്ലുകള്‍ ചിതറിക്കിടക്കുന്നതായും കമ്പനി വിശദീകരിക്കുന്നു. തിരക്കുള്ള പ്രദേശമായതിനാല്‍ ഒരു ദിവസംആറ് മണിക്കൂര്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും പണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതിന് മറ്റുചില കാരണങ്ങളുമുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രണ്ട് മണിയോടെയായിരുന്നു കൊല്‍ക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപം പ്രശസ്തമായ ബഡാ ബസാറിലെ നിര്‍മ്മാണത്തിലുള്ള മേല്‍പ്പാലം തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അതേസമയം തന്നെ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന ദുരന്തം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്.