ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ
|അസമും പശ്ചിമ ബംഗാളും നാളെ പോളിംഗ് ബൂത്തിലേക്ക്.
അസമും പശ്ചിമ ബംഗാളും നാളെ പോളിംഗ് ബൂത്തിലേക്ക്. അസമിലെ 65ഉം പശ്ചിമ ബംഗാളിലെ 18ഉം നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ബംഗാളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അസമില്‍ നാളെ നടക്കുന്ന വോട്ടെടുപ്പില്‍ 94 ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളിലെത്തുക. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സര്‍ബാനന്ദ സൊനോവാള്‍ എന്നിവരും നാളെ ജനവിധി തേടുന്നുണ്ട്. 15 വര്‍ഷമായി തുടരുന്ന ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അസം ഗണപരിഷത്തുമായും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടുമായും സഖ്യം ചേര്‍ന്ന ബിജെപി അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. ബംഗ്ലാദേശ് കുടിയേറ്റമാണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം. തേയില തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന അസമിലെ മണ്ഡലങ്ങളില്‍ തൊഴിലാളികളുടെ വോട്ട് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തവണ 18 സീറ്റ് നേടിയ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ് മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങളില്‍ നിര്‍ണായകമാകും.
ബംഗാളില്‍ വെസ്റ്റ് മിഡ്നാപൂര്‍, പുരുലിയ, ബങ്കുറ ജില്ലയിലെ 18 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 269 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. പശ്ചിമബംഗാളില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.