കോടനാട് എസ്റ്റേറ്റിലെ കൊലപാതകത്തില്‍ അന്വേഷണം ടിടിവി ദിനകരനിലേക്ക്
|പാലക്കാട്-സേലം അപകടമരണങ്ങളിലും ദിനകരന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നു . തമിഴ്നാട് ഡിജിപി ഇന്ന് രാത്രി കോയമ്പത്തൂരിലെത്തും
ജയലളിതയുടെ വേനല്‍ക്കാല വസതിയായ കൊടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തിന്റെ അന്വേഷണം മന്നാര്‍ഗുഡി മാഫിയയിലേക്ക്. സേലത്ത് രാവിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജന് ടിടിവി ദിനകരനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന സായന്റെ നില ഗുരുതരമായി തുടരുകയാണ്.
സേലത്തും പാലക്കാട് കണ്ണാടിയിലുമുണ്ടായ വാഹനാപകടം ഏറെക്കുറെ ഒരേ സമയത്താണുണ്ടായത്. അപകടത്തില്‍ മരിച്ച സായന്റെ ഭാര്യ വിനുപ്രിയയുടെയും മകള്‍ നീതുവിന്റെയും മൃതദേഹത്തില്‍ അസ്വാഭാവികമായ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ പോസ്റ്റ്മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരുടെയും കഴുത്തില്‍ കാണപ്പെട്ട മുറിവുകളാണ് സംശയത്തിനിടയാക്കിയത്. തൃശൂരില്‍ നിന്ന് കൊടനാട് സംഭവത്തില്‍ സായനോടൊപ്പം ചേര്‍ന്ന എട്ട് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ജംഷീര്‍, തൃശൂര്‍ സ്വദേശികളായ സതീശന്‍, അനൂപ്, സതീഷ്, സുനീഷ്, ഉദയന്‍, സന്തോഷ്, ദീപു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സായനാണ് കനകരാജന് വേണ്ടി ഈ സംഘത്തെ സംഘടിപ്പിച്ചതെന്നാണ് സൂചന. കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സായനില്‍ നിന്ന് മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റിന് കഴിഞ്ഞിട്ടില്ല.