India
അരുണാചല്‍പ്രദേശിലെ രാഷ്ട്രപതിഭരണം സുപ്രീംകോടതി റദ്ദാക്കിഅരുണാചല്‍പ്രദേശിലെ രാഷ്ട്രപതിഭരണം സുപ്രീംകോടതി റദ്ദാക്കി
India

അരുണാചല്‍പ്രദേശിലെ രാഷ്ട്രപതിഭരണം സുപ്രീംകോടതി റദ്ദാക്കി

admin
|
8 May 2018 2:03 PM GMT

മുഖ്യമന്ത്രിയോട് ആലോചിക്കാതെ നിയമസഭ വിളിച്ചു ചേര്‍ത്ത ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി....

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നാബാം തൂക്കി സര്‍ക്കാരിനെ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമസഭാ സമ്മേളനം നേരത്തെ വിളിച്ചു ചേര്‍ത്ത് സര്‍ക്കാരിനെ പിരിച്ചു വിട്ട ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച ബി.ജെ.പിയ്ക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് സുപ്രീം കോടതി വിധി.

കോണ്‍ഗ്രസ് വിമത നേതാവ് കാലിഖോ പൂളിന്റെ നേതൃത്വത്തില്‍ 19 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നതിനു ശേഷം 2015 ഡിസംബര്‍ 9നാണ് നിയമസഭയുടെ ശൈത്യകാല സമ്മേളനം നേരത്തെ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ രാജ്ഖോവ തീരുമാനിച്ചത്. ഇതനുസരിച്ച് സമ്മേളനം വിളിച്ചു ചേര്‍ത്ത് ഡിസംബര്‍ 16, 17 തിയ്യതികളില്‍ സ്പീക്കറെ നീക്കാനും സര്‍ക്കാരിനെ പിരിച്ചു വിടാനും തീരുമാനിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു. കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് മുഖ്യമന്ത്രിയോടും വിമത നേതാക്കള്‍ അടക്കമുള്ളവരോടും ആലോചിയ്ക്കാതെ നിയമസഭാ സമ്മേളനം നേരത്തെ വിളിച്ചു ചേര്‍ത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണന്ന് ഉത്തരവിട്ടു. ഡിസംബര്‍ 15ന് സംസ്ഥാനത്തുണ്ടായിരുന്ന തല്‍സ്ഥിതി പുനഃസ്ഥാപിയ്ക്കണമെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.


ഭരണഘടനാബഞ്ച് ഏകകണ്ഠമായാണ് കേസില്‍ തീരുമാനമെടുത്തത്. ഈ കേസിലെ വിധി അരുണാചല്‍ പ്രദേശിനു മാത്രമല്ല, എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായിരിയ്ക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിടുകയും അതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തത് ബി.ജെ.പിയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. തൊട്ടു പിറകെയാണ് അരുണാചല്‍ പ്രദേശിന്റെ കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടായിരിയ്ക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായി അധികാരം പ്രയോഗിക്കുകയാണെന്ന ആരോപണമുയര്‍ത്തുന്ന കോണ്‍ഗ്രസിനാവട്ടെ സുപ്രീം കോടതി വിധി രാഷ്ട്രീയമായി വലിയ കരുത്ത് പകരുകയും ചെയ്യും

സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിച്ചെന്ന് അരുണാചല്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം ടുകി . ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കും. സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി നിയമവിരുദ്ധമായ ശ്രമങ്ങള്‍ നടത്തിയെന്നും നബാം ടുകി പ്രതികരിച്ചു.

Similar Posts