India
ഇവരുടെ വിവാഹം നടന്നത് അമരാവതിയില്‍,  രേഖപ്പെടുത്തിയത് സ്വര്‍ഗത്തില്‍ഇവരുടെ വിവാഹം നടന്നത് അമരാവതിയില്‍, രേഖപ്പെടുത്തിയത് സ്വര്‍ഗത്തില്‍
India

ഇവരുടെ വിവാഹം നടന്നത് അമരാവതിയില്‍, രേഖപ്പെടുത്തിയത് സ്വര്‍ഗത്തില്‍

admin
|
8 May 2018 1:49 PM GMT

അമരാവതിയില്‍ നിന്നുള്ള അഭയ് ദേവേറും പ്രീതി കുംഭേറുമാണ് ആ ദമ്പതികള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് ഏതൊക്കെ കാര്യങ്ങള്‍ക്കെന്നു ചോദിച്ചാല്‍ രണ്ടേ രണ്ടു ഉത്തരങ്ങളേയുള്ളൂ..ഒന്നു വിവാഹത്തിനും രണ്ടാമത്തേത് വീടു പണിയുന്നതിനും. രണ്ടിനും എത്ര കാശ് ചെലവാക്കാനും കടംവാങ്ങാനും മടിയില്ലാത്തവരാണ് നമ്മള്‍ ഇന്ത്യാക്കാര്‍. അതില്‍ വിവാഹത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നിലാണ് നമ്മള്‍. വിവാഹം സ്വര്‍ഗത്തിലല്ല, ഭൂമിയില്‍ തന്നെ മനോഹരമായി നടത്താന്‍ സാധിക്കും എന്ന് തെളിയിച്ചിട്ടുണ്ട് സാധാരണക്കാര്‍ മുതല്‍ കോടിപതികള്‍ വരെ. ഒരു നെന്‍മണി തൂക്കത്തിന്റെ പൊന്ന് പോലും വാങ്ങാന്‍ കഴിയാതെ മകളുടെ വിവാഹം നടത്താന്‍ സാധിക്കാത്ത നിര്‍ഭാഗ്യവാന്‍മാരും ഇതിനിടയില്‍ നമ്മള്‍ കാണാതെ പോകുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു വസ്തുത. ആഢംബര വിവാഹങ്ങളെ വെല്ലുവിളിച്ച് പല പ്രമുഖരും ലളിതമായി കല്യാണങ്ങള്‍ നടത്താറുണ്ടെങ്കിലും അതെല്ലാം വാര്‍ത്തകളില്‍ മാത്രം ഇടംപിടിക്കുന്നുവെന്നതും ഒരു സത്യമാണ്.

എന്നാല്‍ ഇതിനിടയിലും ചിലരുടെ പ്രയത്നങ്ങള്‍ ആരുടെയെങ്കിലും കണ്ണു തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഭാരതത്തില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഈ വിവാഹ ധൂര്‍ത്തിനെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങളുമായി ഇത്തവണ മുന്നോട്ട് വന്നിരിക്കുന്നത് രണ്ട് യുവദമ്പതികളാണ്. അമരാവതിയില്‍ നിന്നുള്ള അഭയ് ദേവേറും പ്രീതി കുംഭേറുമാണ് ആ ദമ്പതികള്‍. തങ്ങളുടെ വിവാഹം തന്നെ ലളിതമായി നടത്തിയാണ് അഭയും പ്രീതിയും ആദ്യം മാതൃകയായത്. അമരാവതി അഭിയന്ത ഭവനില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത. പേരിന് ഒരു ചടങ്ങ്, എന്നാല്‍ അവര്‍ അവിടെ വച്ചെടുത്ത തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തങ്ങളുടെ വിവാഹച്ചെലവിനായി മാറ്റിവച്ച തുക ഒട്ടേറെ നല്ലകാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിച്ചത്.

കടവും വിളനാശവും മൂലം ആത്മഹത്യ ചെയ്ത പത്ത് കര്‍ഷക കുടുംബങ്ങള്‍ക്ക് 20,000 വീതം ഈ ദമ്പതികള്‍ നല്‍കി. അമരാവതിയിലും തങ്ങളുടെ അയല്‍ഗ്രാമമായ ഉമ്പര്‍ദയിലും ഉള്ള അഞ്ച് ലൈബ്രറികളിലേക്ക് 52,000 രൂപ വില മതിക്കുന്ന പുസ്തകങ്ങള്‍ നല്‍കിയതും ഇവരായിരുന്നു. വന്‍സദ്യ ഒരുക്കി വിവാഹം ഗംഭീരമാക്കാതെ ലളിതമായ ഭക്ഷണമായിരുന്നു വിവാഹത്തിനെത്തിയവര്‍ക്ക് നല്‍കിയത്. കൂടാതെ പ്രമുഖ വ്യക്തികളും പ്രസംഗവും ഉണ്ടായിരുന്നു.

വിവാഹങ്ങള്‍ക്കായി രാജ്യത്ത് എല്ലാ വര്‍ഷവും ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല കുടുംബങ്ങളുടെ കടക്കാരാവുന്നതിന് പിന്നില്‍ വിവാഹങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്.

Similar Posts