India
തെലങ്കാനയില്‍ 16,000 സര്‍ക്കാര്‍ സ്കൂളുകളിലെ ശൌചാലയങ്ങളില്‍ ജല കണക്ഷന്‍ ഇല്ലതെലങ്കാനയില്‍ 16,000 സര്‍ക്കാര്‍ സ്കൂളുകളിലെ ശൌചാലയങ്ങളില്‍ ജല കണക്ഷന്‍ ഇല്ല
India

തെലങ്കാനയില്‍ 16,000 സര്‍ക്കാര്‍ സ്കൂളുകളിലെ ശൌചാലയങ്ങളില്‍ ജല കണക്ഷന്‍ ഇല്ല

Jaisy
|
9 May 2018 6:25 PM GMT

25,966 സ്കൂളുകളാണ് തെലങ്കാന സര്‍ക്കാരിന്റെ കീഴിലുള്ളത്

അസൌകര്യങ്ങള്‍ക്ക് നടുവിലാണ് തെലങ്കാനയിലെ സര്‍ക്കാര്‍ സ്കൂളുകള്‍. കുട്ടികള്‍ക്ക് പ്രാഥമിക കൃതൃങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ ഇവിടെ വേണ്ടത്ര സൌകര്യമില്ല. ശൌചാലയങ്ങള്‍ ഉണ്ടെങ്കിലും ജല കണക്ഷന്‍ ഇല്ലാത്തതു മൂലം ഉപയോഗശൂന്യമായ നിലയിലാണ്. ഒന്നോ രണ്ടോ സ്കൂളുകളിലെ മാത്രം സ്ഥിതിയല്ല ഇത്, തെലങ്കാനയിലെ 16,000 ത്തോളം സര്‍ക്കാര്‍ സ്കൂളുകളിലെ അവസ്ഥ ഇതാണ്. 25,966 സ്കൂളുകളാണ് തെലങ്കാന സര്‍ക്കാരിന്റെ കീഴിലുള്ളത്.

കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ സ്വച്ഛ് വിദ്യാലയ പദ്ധതി വിജയകരമാണെന്ന് പ്രഖ്യാപിക്കുമ്പോഴും ബഹുഭൂരിപക്ഷം സ്ഥലത്തും അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. റൂറല്‍ വാട്ടര്‍ സപ്ലൈ,അര്‍ബന്‍ കേന്ദ്രങ്ങളുമയി സഹകരിച്ച് സ്കൂളുകളില്‍ വെള്ളമെത്തിക്കുക എന്നത് പ്രധാനാധ്യാപകന്റെ ചുമതലയാണെന്നാണ് സര്‍വ്വശിക്ഷ അഭിയാന്‍ അധികൃതര്‍ പറയുന്നത്. സ്കൂളുകളില്‍ ജലമെത്തിക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് എങ്ങിനെ ഒഴിവാകാന്‍ പറ്റുമെന്ന് തെലങ്കാന സ്റ്റേറ്റ് യുണൈറ്റഡ് ടീച്ചേഴ്സ് ഫെഡറേഷന്‍ ഭാരവാഹി എന്‍.നാരായണന്‍ ചോദിക്കുന്നു. സ്കൂളുകളില്‍ ശൌചാലയം നിര്‍മ്മിക്കുകയെന്നത് എസ്എസ്എയുടെ ഉത്തരവാദിത്തമല്ല. പക്ഷേ അതുറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഉപയോഗപ്രദമായ ശൌചാലയം ഓരോ വിദ്യാര്‍ഥിയുടെയും അവകാശമാണെന്നും നാരായണന്‍ പറയുന്നു.

വാട്ടര്‍ കണക്ഷന്‍ ലഭിക്കുന്നതിനായി തങ്ങളുടെ കഴിവിന്റെ പരാമവധി ശ്രമിച്ചിട്ടുണ്ടെന്ന് മേദക് സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. എംഎല്‍മാര്‍, റൂറല്‍ വാട്ടര്‍ സപ്ലൈ വിഭാഗം, ജില്ലാ കലക്ടര്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയുമുണ്ടായില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ ശൌചാലയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റുകളുടെ സഹകരണം കൊണ്ടുവരുന്നതില്‍ സ്വച്ഛ് വിദ്യാലയ മിഷന്‍ ഒരു പരാജയമാണ്. തെലങ്കാനയിലെ എട്ട് സ്കൂളുകളില്‍ മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തില്‍ 22 ടോയ്‍ലറ്റുകളാണ് നിര്‍മ്മിച്ച നല്‍കിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി 393 സ്കൂളുകളിലായി 425 ശൌചാലയങ്ങളും നിര്‍മ്മിച്ചു. വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖല യൂണിറ്റുകള്‍ 2,850 ടോയ്‍ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 17,800 ടോയ്‍ലറ്റുകളും നിര്‍മ്മിച്ചു.

Similar Posts