India
ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍; മരണം 30 ആയിഡല്‍ഹിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍; മരണം 30 ആയി
India

ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍; മരണം 30 ആയി

Sithara
|
9 May 2018 7:13 AM GMT

ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണ്

പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണ്. പകര്‍ച്ചവ്യാധി രൂക്ഷമായ സമയത്ത് ഫിന്‍ലാന്‍റിലേക്ക് പോയ മനീഷ് സിസോദിയ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ നോട്ടീസിനെ തുടര്‍ന്ന് ഇന്ന് തിരിച്ചെത്തും.

ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ വ്യാപനം നിര്‍ബാധം തുടരുമ്പോഴും അധികാര തര്‍ക്കത്തിലാണ് ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും. ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധി രൂക്ഷമായതിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെയും നടപടിയെടുക്കേണ്ടത് ആരെന്നും ചൊല്ലിയാണ് പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ള ആപ്പ് സര്‍ക്കാരിലെ മന്ത്രിമാരില്‍ പകുതി പേരും ഡല്‍ഹിയിലില്ലാതിരുന്നതും സ്ഥിഗതികള്‍ വഷളാക്കി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ചികിത്സയ്ക്കായി ബാംഗ്ലൂരിലാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഫിന്‍ലാന്‍റില്‍ ഓദ്യോഗിക യാത്രയിലും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഡല്‍ഹിയിലുണ്ടാകേണ്ട ഉപമുഖ്യമന്ത്രി ഇത്തരം സാഹചര്യത്തില്‍ ഔദ്യോഗിക യാത്ര നടത്തിയതിലാണ് പുതിയ വാദപ്രതിവാദങ്ങള്‍. ഉപമുഖ്യമന്ത്രി ഉടന്‍ ഹാജരായി, നിലവിലെ സ്ഥിഗതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന ലറ്റ്റണന്റ് ഗവര്‍ണറുടെ നോട്ടീസില്‍ മനീഷ് സിസോദിയ ഇന്ന് മറുപടി നല്‍കും. പകര്‍ച്ചവ്യാധി വിഷയത്തില്‍ ലഫ്റ്റനന്‍റ് ഗവര്‍ണറെ കാണാനെത്തിയ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ വാരാന്ത്യങ്ങളില്‍ കാണാനാകില്ലെന്നു പറഞ്ഞ് മടക്കി അയച്ചത് ഉയര്‍ത്തിക്കാണിച്ചാണ് എഎപി ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.

Similar Posts