ഇരുപത് വയസിനിടയില്‍ ലിംഗരാജുവിന് പാമ്പു കടിയേറ്റത് 12 തവണ
|ഇത്രയേറെ തവണ ദംശനമേറ്റിട്ടും ജീവനോടെയിരിക്കുന്ന ലിംഗരാജു നാട്ടുകാര്‍ക്ക് മാത്രമല്ല, വൈദ്യശാസ്ത്രത്തിനും ഒരു അത്ഭുതമാണ്
കര്‍ണാടക സ്വദേശിയായ ലിംഗരാജുവിനെ എവിടെ വച്ച് കണ്ടാലും ഒന്ന് കടിക്കാതെ ഒരു പാമ്പു പോലും പോകില്ലാത്ത അവസ്ഥയാണ്. അങ്ങിനെ ഈ ഇരുപതു വയസിനിടയില്‍ പന്ത്രണ്ട തവണയാണ് രാജുവിനെ പാമ്പ് കടിച്ചത്. ഇത്രയേറെ തവണ ദംശനമേറ്റിട്ടും ജീവനോടെയിരിക്കുന്ന ലിംഗരാജു നാട്ടുകാര്‍ക്ക് മാത്രമല്ല, വൈദ്യശാസ്ത്രത്തിനും ഒരു അത്ഭുതമാണ്.
കര്‍ണാടകയിലെ വിജയപുര സ്വദേശിയാണ് എസ്.ലിംഗരാജു. സാധാരണ കുടുംബത്തില്‍ പെട്ട ലിംഗരാജുവിനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോളാപൂരില്‍ വച്ചാണ് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ മാതാപിതാക്കള്‍ ലിംഗരാജുവിനെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് രക്ഷപെട്ടു. ആറ് മാസത്തോളം ചികിത്സയിലായിരുന്നു. ഒരു മാസം തന്നെ രണ്ട് മൂര്‍ഖനടക്കം നാല് പാമ്പുകളാണ് ആക്രമിച്ചത്. ശാപമുള്ളതുകൊണ്ടാണ് രാജുവിനെ നിരന്തരം പാമ്പുകള്‍ ആക്രമിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. അതുകൊണ്ട് സോളാപൂരില്‍ നിന്നും വിജയപൂരിലേക്ക് താമസം മാറുകയും ചെയ്തു. എന്നാല്‍ പുതിയ ഇടവും രാജുവിനെ രക്ഷിച്ചില്ല. നാല് പ്രാവശ്യം വീണ്ടും പാമ്പു കടിയേറ്റു.
പാമ്പുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാന്‍ രാജുവിനെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയാണ്. ഇതൊരു അത്ഭുതമാണെന്നാണ് രാജുവിനെ രണ്ട് തവണ ചികിത്സിച്ച ആയുര്‍വേദ ഡോക്ടര്‍ പറയുന്നത്. പാമ്പ് കടിയേറ്റതു മൂലമുള്ള ചികിത്സ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ് രാജുവിന്റെ മാതാപിതാക്കള്‍.