India
മലയാളിയായ ഹാരിസിനെ തഴഞ്ഞതെന്തിന്? കരസേനാ മേധാവി നിയമനം വിവാദത്തില്‍മലയാളിയായ ഹാരിസിനെ തഴഞ്ഞതെന്തിന്? കരസേനാ മേധാവി നിയമനം വിവാദത്തില്‍
India

മലയാളിയായ ഹാരിസിനെ തഴഞ്ഞതെന്തിന്? കരസേനാ മേധാവി നിയമനം വിവാദത്തില്‍

Sithara
|
9 May 2018 4:59 AM GMT

സീനിയോറിറ്റി മറികടന്ന് ബിപിന്‍ റാവത്തിനെ നിയമിച്ചില്ലായിരുന്നെങ്കില്‍ ഹാരിസ് കരസേനയുടെ തലവനാകുന്ന ആദ്യ മുസ്‌ലിം ആകുമായിരുന്നു. പക്ഷെ മോദി അതിഷ്ടപ്പെടുന്നില്ല എന്ന് ഷെഹ്‌സാദ് പൂനാവാല

കേന്ദ്ര സര്‍ക്കാര്‍ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത് സീനിയോറിറ്റി മറികടന്ന്. മലയാളിയായ പി എം ഹാരിസ് അടക്കം രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ തഴഞ്ഞാണ് റാവത്തിന്റെ നിയമനം. ഹാരിസിന് പുറമെ ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷിയെയും മറികടന്നാണ് റാവത്തിന്റെ നിയമനം. സീനിയോറിറ്റി മറികടന്ന് ബിപിന്‍ റാവത്തിനെ നിയമിച്ചില്ലായിരുന്നെങ്കില്‍ ഹാരിസ് കരസേനയുടെ തലവനാകുന്ന ആദ്യ മുസ്‌ലിം ആകുമായിരുന്നു. പക്ഷെ മോദി അതിഷ്ടപ്പെടുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ഷെഹ്‌സാദ് പൂനാവാല ട്വീറ്ററില്‍ കുറിച്ചു.

കോഴിക്കോട് സ്വദേശിയും സതേണ്‍ കമാന്‍ഡ് തലവനുമാണ് ലഫ്. ജനറല്‍ പി എം ഹാരിസ്. ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവിയാണ് ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി. 1983ന് ശേഷം ആദ്യമായാണ് സീനിയോറിറ്റി അട്ടിമറിച്ച് കരസേനാ മേധാവി നിയമനം നടത്തുന്നത്. സേനാ മേധാവികള്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുന്‍പ് പുതിയ മേധാവിയെ പ്രഖ്യാപിക്കുന്ന കീഴ്‍വഴക്കവും സര്‍ക്കാര്‍ പാലിച്ചില്ല. ചട്ടങ്ങളും നിയമങ്ങളും അട്ടിമറിച്ച് നടത്തിയ നിയമനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സീനിയോറിറ്റി മറികടന്നുള്ള നിയമനത്തെ കുറിച്ച് കേന്ദ്രം ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. കഴിവും അനുയോജ്യതയും പരിഗണിച്ചാണ് നിയമനം എന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്റെ വിശദീകരണം. വടക്കു കിഴക്കന്‍ മേഖലകളിലെ പ്രവര്‍ത്തന പരിചയമാണ് റാവത്തിനെ പരിഗണിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. അതിര്‍ത്തി പ്രത്യാക്രമണത്തിലെ വൈദഗ്ധ്യവും റാവത്തിനെ പരിഗണിക്കാന്‍ കാരണമായതായി പറയുന്നു.

Related Tags :
Similar Posts