മോദിക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷം
|2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ല ഗ്രൂപ്പുകളില്‍ നിന്ന് നരേന്ദ്ര മോദി പണം കൈപ്പറ്റിയെന്നായിരുന്നു രാഹുലിന്റെ ആരോപണം.
പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. ആരോപണം സംബന്ധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ല ഗ്രൂപ്പുകളില്‍ നിന്ന് നരേന്ദ്ര മോദി പണം കൈപ്പറ്റിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. നഷ്ടപ്പെട്ട പ്രസക്തി തിരിച്ചുപിടിക്കാന്‍ അപ്രസക്തമായ കാര്യങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് ബിജെപി പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് വിഷയം മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ഏറ്റെടുക്കുന്നത്.
സത്യം പുറത്തുവരേണ്ടതുണ്ടെന്നും കേസ് സിബിഐക്ക് വിടണമെന്നും തൃണമൂല്‍ എംപി ദെറിക് ഒബ്രയാന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരെ ആം ആദ്മി പാര്‍ട്ടി നേരത്തെ ഉന്നയിച്ച ആരോപണം രാഹുല്‍ ഏറ്റെടുത്തതിന് നന്ദിയെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.