ഉത്തര്‍പ്രദേശില്‍ മഹാസഖ്യം ഇല്ലെന്ന് സൂചന
|കോണ്‍ഗ്രസുമായി മാത്രം സഖ്യമെന്ന് ദേശീയ ഉപാധ്യക്ഷന്‍
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായി മാത്രമേ സഖ്യമുണ്ടാവുകയുള്ളുവെന്ന് സൂചന. മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചയില്‍ സമവായമായില്ലെന്ന് എസ് പി ദേശീയ ഉപാധ്യക്ഷന്‍ കിരോണ്മോയ് നന്ദ വ്യക്തമാക്കി. അന്തിമ പ്രഖ്യാപനം വൈകാതെയുണ്ടാകും.
ബി ജെ പി ക്കെതിരെ ഉത്തര്‍പ്രദേശില്‍ മഹാസംഖ്യത്തിനുള്ള സാധ്യതകളാണ് സമാജ്വാദി പാര്‍ട്ടി തെരഞ്ഞ് കൊണ്ടിരുന്നത്. ചെറു പാര്‍ട്ടികളെല്ലാം സഖ്യത്തിന് വാക്കാല്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ സീറ്റ് വിഭജനത്തില്‍ സമവായമുണ്ടാകാത്തതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് സൂചന. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിന് 25 സീറ്റുകള്‍ വരെ നല്‍കാമെന്നായിരുന്നു പ്രാഥമിക ധാരണ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി മാത്രമെ സഖ്യമുള്ളുവെന്നാണ് എസ് പിയുടെ ദേശീയ ഉപാധ്യക്ഷന്‍ കിരോണ്മോയ് നന്ദ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസുമായി മാത്രമെ സഖ്യമുള്ളുവെങ്കില് മുസ്ലീം ഭൂരിപക്ഷ പ്രദേശമെന്ന നിലക്ക് ആദ്യ ഘട്ടത്തിലെ മണ്ഡലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും.
കോണ്‍ഗ്രസിനും രാഷ്ട്രീയ ലോക്ദളിനും പുറമെ, അപ്ന ദളിന്റെ വിമത വിഭാഗം, ഐക്യ ജനതാദള്‍, എന്‍ സി പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായും സമാജ്വാദി പാര്‍ട്ടി സഖ്യസാധ്യത തേടിയത്.
ഉത്തര്‍പ്രദേശില്‍ വിവിധ വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാര്‍ട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പലരായി നിന്നത് കൊണ്ടുണ്ടായ നഷ്ടം ഇത്തവണ മറികടക്കണമെന്ന് മറ്റ് പാര്‍ട്ടികളും കരുതുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ബ്രാഹ്മിണ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. ഒപ്പം പരമ്പരാഗതമായി കൂടെ നില്ക്കുന്ന മുസ്ലീം വോട്ടുകളും.
ആദ്യ ഘട്ടത്തില്‍ 15 ജില്ലകളിലായുള്ള 73 മണ്ഡലങ്ങള്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഇവിടെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള ധാരണയായിട്ടുണ്ട്. ബീഹാറിന്റെ അതിര്‍ത്തി മണ്ഡലങ്ങളില്‍ കുറച്ച് സീറ്റുകള്‍ ഐക്യ ജനതാദളിനും നല്‍കും. മിക്ക പാര്‍ട്ടികളും വാക്കാല്‍ അഖിലേഷിന് പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും സീറ്റ് വിഭജന കാര്യത്തിലെ ചര്‍ച്ചകള്‍ അവസാനിക്കുന്നതേയുള്ളു. ഈ മാസം 24 വരെയാണ് ആദ്യ ഘട്ടത്തിലെ പത്രികാ സമര്‍പ്പണത്തിനുള്ള സമയം.