ഗൌരി ലങ്കേഷിനെ കൊന്നത് സംഘപരിവാറെന്ന പരാമര്‍ശം: രാമചന്ദ്ര ഗുഹ മാപ്പ് പറയണമെന്ന് ബിജെപി
|പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് ബിജെപിയുടെ നോട്ടീസ്
ചരിത്രകാരന്‍ രാമചന്ദ്ര ഗുഹക്കെതിരെ ബിജെപി നിയമനടപടിക്ക്. മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറാകുമെന്ന പരാമര്‍ശത്തിനെതിരെയാണ് ബിജെപി നോട്ടീസ് അയച്ചത്. പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് നോട്ടീസില്‍ പറയുന്നു.
ധബോല്‍കറിനെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും കൊന്ന സംഘപരിവാര്‍ കൊലയാളികള്‍ തന്നെയാകും ഗൌരി ലങ്കേഷിന്‍റെ കൊലയ്ക്ക് പിന്നിലെന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞത്. scroll.in പ്രസിദ്ധീകരിച്ച രാമചന്ദ്രഗുഹയുടെ പ്രതികരണം പരാമര്‍ശിച്ചാണ് ബിജെപി നോട്ടീസ് അയച്ചത്.
വീടിന് പുറത്ത് വെച്ചാണ് ധബോല്‍കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഗൌരി ലങ്കേഷും കൊല്ലപ്പെട്ടത്. ഈ നാല് പേരെയും ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് വെടിവെച്ച് കൊന്നത്. നാല് പേരും സംഘപരിവാര്‍ ആശയങ്ങളെ നിശിതമായി എതിര്‍ത്തിരുന്നു. ഈ സമാനത ഇതിനകം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടന്ന് ഇത്ര ദിവസമായിട്ടും കൊലയാളികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.