ഗുജറാത്ത് ഫലം ബിജെപിക്ക് 2019ലേക്കുള്ള മുന്നറിയിപ്പെന്ന് ശിവസേന
|ഗുജറാത്തില്‍ ബിജെപി പ്രതീക്ഷിച്ചതുപോലെ ഉജ്വലവിജയം നേടാന്‍ കഴിയാതെ പോയത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നറിയിപ്പെന്ന് ശിവസേന
ഗുജറാത്തില്‍ ബിജെപി പ്രതീക്ഷിച്ചതുപോലെ ഉജ്വലവിജയം നേടാന്‍ കഴിയാതെ പോയത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നറിയിപ്പെന്ന് ശിവസേന. ഗുജറാത്തിലെ ജനങ്ങള്‍ ബിജെപി ഭരണത്തില്‍ സന്തുഷ്ടരല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ശിവസേന എംപി സഞ്ജയ് റൌത്ത് പറഞ്ഞു.
ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിവസേന എംപിയുടെ പ്രതികരണം. ബിജെപി ആറാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തിയെങ്കിലും ജനങ്ങളുടെ മനോഭാവം വ്യക്തമാണ്. 150 സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഗുജറാത്ത് മോഡല്‍ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിച്ചില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും സഞ്ജയ് റൌത്ത് പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് രാജ്യത്തിന് ഒരു പുതിയ നേതാവിനെ സമ്മാനിച്ചുവെന്നും രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് സഞ്ജയ് റൌത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ശിവസേനയുടെ മുഖപത്രമായ സാമ്നയും രാഹുലിനെ പ്രശംസിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചിന്തിക്കാതെ ഗുജറാത്തില്‍ പ്രചരണം നടത്തിയ രാഹുല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് സാമ്ന എഴുതിയത്.