ഗാന്ധിജിയുടെ പേരമകന്‍ കുനു ഇവിടെയുണ്ട്, ഒരു വൃദ്ധസദനത്തില്‍ അന്തേവാസിയായി
|കടല്‍തീരത്തുകൂടി ഗാന്ധിജിയുടെ വടിയുടെ ഒരറ്റം പിടിച്ച് മുമ്പില്‍ നിറഞ്ഞ ചിരിയോടെ നടക്കാനായുന്ന ഒരു കുട്ടിയുടെ ചിത്രം കാണാത്തവരുണ്ടാകില്ല.
കടല്‍തീരത്തുകൂടി ഗാന്ധിജിയുടെ വടിയുടെ ഒരറ്റം പിടിച്ച്, മുമ്പില്‍ നിറഞ്ഞ ചിരിയോടെ നടക്കാനായുന്ന ഒരു കുട്ടിയുടെ ചിത്രം കാണാത്തവരുണ്ടാകില്ല. മകന്‍ രാംദാസിന്റെയും നിര്‍മലയുടെയും മകന്‍ കനുഭായ് രാംദാസ് ഗാന്ധി ആയിരുന്നു ആ ചിത്രത്തിലെ ബാലന്‍. ഇന്ന് 87 വയസുണ്ട് കുനുവിന്. വര്‍ഷങ്ങള്‍ക്കിപ്പുറം കുനുവിന്റെ മുഖം കാമറയില്‍ പതിഞ്ഞപ്പോള്‍ ആ പഴയ പുഞ്ചിരിയില്ല. അമേരിക്കയില്‍ നിന്നു നാലു പതിറ്റാണ്ടിനു ശേഷം സ്വന്തം മണ്ണിലെത്തിയപ്പോള്‍ തലചായ്ക്കാന്‍ ഒരിടം കിട്ടിയത് സൌകര്യങ്ങള്‍ തീരെ കുറവുള്ള ഡല്‍ഹിയിലെ ഒരു വൃദ്ധസദനത്തില്‍. ഒപ്പം 85കാരി ഭാര്യ ഡോ. ശിവ ലക്ഷ്മിയും.
ഗാന്ധിജി വെടിയേറ്റ് മരിക്കുമ്പോള്‍ 17 വയസ്സായിരുന്നു കനുവിന്. മക്കളില്ലാത്ത ഈ ദമ്പതിമാരുടെ ആയുസിന്റെ ഭൂരിഭാഗവും അമേരിക്കയിലായിരുന്നു. അമേരിക്കയിലെ മസാച്യുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നു അപൈ്ളഡ് മാതമാറ്റിക്സില്‍ ബിരുദം നേടിയ കുനു, നാസയിലെ പ്രതിരോധ വിഭാഗത്തില്‍ ജോലിക്ക് ചേര്‍ന്നു. ഈ സമയം ശിവ ലക്ഷ്മി ബോസ്റ്റനില്‍ ഗവേഷകയായും പ്രൊഫസറായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2014ലാണ് ഇന്ത്യയിലേക്ക് ഈ വൃദ്ധ ദമ്പതികള്‍ തിരിച്ചെത്തിയത്. ബന്ധുക്കള്‍ക്കൊപ്പം അവസാന കാലം ചെലവിടാനായിരുന്നു കുനുവിന്റെ ആഗ്രഹം. എന്നാല്‍ അധികകാലം ഈ ആഗ്രഹത്തിന് ആയുസുണ്ടായില്ല. പിന്നീട് രണ്ടു വര്‍ഷത്തോളം വിവിധ ആശ്രമങ്ങളിലായി ജീവിതം തള്ളി നീക്കി.
ഒടുവില്‍ അടുത്തിടെയാണ് ഡല്‍ഹിയിലെ ഈ വൃദ്ധസദനത്തിലേക്ക് ചേക്കേറാന്‍ ഇവര്‍ തീരുമാനിച്ചത്. ഇവിടെ മറവി രോഗമുള്ളവരും മാനസിക-ശാരീരിക തളര്‍ച്ചയുള്ളവരുമായ അന്തേവാസികളെയാണ് സംരക്ഷിച്ചുപോരുന്നത്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സര്‍വസാധാരണമാണെങ്കിലും ആയുസിന്റെ അവസാനം ഇവിടെയെത്തിയെന്ന് പറയുമ്പോള്‍ ഇവരുടെ ശബ്ദത്തിലെ നിസഹായതയുടെയും ഒറ്റപ്പെടലിന്റെയും ഇടര്‍ച്ച വ്യക്തമാണ്. രാഷ്ട്രീയത്തില്‍നിന്ന് അകന്നുനിന്ന കനുഭായിയുടെ ക്ഷേമം അന്വേഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും താല്‍പ്പര്യമുണ്ടായില്ല. ഗാന്ധി കുടുംബത്തിലെ മറ്റു കണ്ണികളും ഇവരെ തേടി എത്തിയില്ല. അങ്ങനെ ആരുടെയെങ്കിലും പക്കല്‍ നിന്നു ഔദാര്യം സ്വീകരിക്കാന്‍ ഇവര്‍ക്ക് ആഗ്രഹവുമില്ല. പക്ഷേ ഒഴിവാക്കപ്പെടലിന്റെ വേദന ഒളിച്ചുവെക്കാന്‍ ഇവര്‍ക്കാകുന്നില്ല.